മലയാളത്തിൽ നിന്നും റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ മലയാളചിത്രമായി 'മാസ്റ്റർപീസ്'. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അജയ് വാസുദേവ് ഒരുക്കിയ ചിത്രമാണ് 'മാസ്റ്റർപീസ്'. നോർവേ ആസ്ഥാനമായ ഫോർ സീസൺ ക്രിയേഷൻസ് ആണ് സിനിമ റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. ഫോർ സീസണുമായി കഴിഞ്ഞ ദിവസം റോയൽ സിനിമാസ് ധാരണാപത്രം ഒപ്പുവെച്ചു.
2017 ഡിസംബറിൽ റിലീസ് ആയ സിനിമ റണ്ട് വർഷങ്ങൾക്ക് ശേഷമാണ് റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. റോയൽ സിനിമാസിന്റെ ബാനറിൽ എഴുത്തുകാരനായ C H മുഹമ്മദ് നിർമിച്ച ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. അതേ സമയം സിനിമ അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെന്നും C H മുഹമ്മദ് പറഞ്ഞു.
മമ്മൂട്ടി നായകകഥാപാത്രം അവതരിപ്പിച്ച സിനിമയിൽ ഉണ്ണിമുകുന്ദൻ, വരലക്ഷ്മി, ക്യാപ്റ്റൻ രാജു, ഗോകുൽ സുരേഷ്, പൂനം ബജ്‌വ എന്നിവരും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഉദയ് കൃഷ്ണയാണ് തിരക്കഥ ഒരുക്കിയത്.
