ഡെറാഡൂൺ : ഒപ്പം താമസിച്ചിരുന്ന കാമുകിയെ കൊന്ന് പെട്ടിയിലാക്കിയ ശേഷം യുവാവ് കാമുകിയുടെ കൂട്ടുകാരിക്കൊപ്പം കടന്നുകളഞ്ഞു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശിയായ 26 കാരനാണ് മധ്യപ്രദേശ് സ്വദേശിയായ 23 വയസ് പ്രായമുള്ള കാമുകിയെ കൊന്നുകളഞ്ഞത്.
പൂട്ടിയിട്ട ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വലിയൊരു പെട്ടിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഫ്ലാറ്റ് പൂട്ടി യുവാവ് കടന്നുകളഞ്ഞു എന്നാണ് പോലീസിന് ലഭിച്ച വിവരം. കാമുകിയുടെ സുഹൃത്തായ യുവതിയെയും അന്നേ ദിവസം മുതൽ കാണാതായി എന്നും അന്വേഷണത്തിൽ കണ്ടെത്തി. കാമുകിയെ കൊന്നതിന് ശേഷം കാമുകിയുടെ ഈ സുഹൃത്തിനൊപ്പം യുവാവ് കടന്നിരിക്കാം എന്നാണ് പോലീസ് നിഗമനം.
വെള്ളിയാഴ്ച രാത്രി ഈ ഫ്ലാറ്റിൽ നിന്നും ഉറക്കെ പാട്ട് കേട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. യുവതിയെ കൊലപ്പെടുത്തുന്നതിനിടയിൽ ശബ്ദം ഉണ്ടായാൽ അത് പുറത്ത് കേൾക്കാതിരിക്കാൻ ആവാം അങ്ങനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
നേരത്തെ ഗ്വാളിയോറിൽ ജോലിചെയ്തിരുന്ന സമയത്താണ് യുവാവും മധ്യപ്രദേശ് സ്വദേശിയായ യുവതിയും അടുപ്പത്തിലായത്. തുടർന്ന് ഇരുവരും ഡൽഹിയിലും പിന്നീട് ഹരിദ്വാറിലും ഒരേകമ്പനിയിൽ തന്നെ ജോലിചെയ്തുവരികയായിരുന്നു. ഹരിദ്വാറിൽ കമ്പനിക്ക് സമീപത്തെ ഫ്ളാറ്റിലാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. ഇതിനിടെ കാമുകിയുടെ സുഹൃത്തായ യുവതിയുമായി യുവാവ് അടുപ്പത്തിലായെന്നാണ് സൂചന. തുടർന്ന് കാമുകിയെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നും പോലീസ് കരുതുന്നു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്നും ഇരുവരും എവിടെയാണ് എന്നതിന് സൂചന ലഭിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് നടക്കുമെന്നും പോലീസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
