ചായ എന്നത് ഒരു വികാരം തന്നെയാണ് നമുക്ക്. ഇടവിട്ടുള്ള സമയങ്ങളിൽ ചായ ഒരു ശീലം ആക്കിയവർക്കിടയിൽ ആ സമയത്ത് ചായ കിട്ടിയില്ലേൽ അപ്പോൾ മൂഡ് പോകുന്ന ചിലരുമുണ്ട്. ചായ നമ്മുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. ചായ മിതമായി കുടിയ്ക്കുന്നത് തെറ്റാണെന്നൊന്നും പറയാനാകില്ലെങ്കിലും ചായ കുടിക്കുന്ന രീതികൾ തെറ്റാകാം. ചായ കുടിക്കുന്ന സമയം തന്നെ ഇതിൽ പെടുന്നു. നാം കുടിക്കുന്ന ചായ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണത്തെ ഇല്ലാതാക്കിയാലോ?
ഭക്ഷണത്തിനൊപ്പം ചായ കുടിയ്ക്കാൻ പാടില്ല. നാം ഭക്ഷണത്തിനൊപ്പം ചായ കുടിക്കുമ്പോൾ ഭക്ഷണത്തിൽ നിന്നും നമുക്ക് ലഭിയ്ക്കേണ്ട പോഷകങ്ങൾ ചായ തടയുന്നു. പ്രത്യേകിച്ചും പ്രോട്ടീൻ,അയേൺ എന്നിവയുടെ ആഗിരണം.നീണ്ട ഇടവേളക്ക് ശേഷം ശരീരത്തിന് ഊർജം നൽകുന്ന ഒന്നാണ് പ്രാതൽ. ഈ പോഷകങ്ങൾ തടയുകയാണ് പ്രതലിനൊപ്പം ചായ കുടിക്കുമ്പോൾ നടക്കുന്നത്. രാവിലത്തെ ഭക്ഷണം രാജാവിനെ പോലെ കഴിച്ചാലും ചായ കുടിച്ചാൽ പിന്നെ എന്ത് കാര്യം.
പ്രോട്ടീൻ, അയേൺ എന്നിവയാണ് ചായ തടയുന്ന പ്രധാന ഘടകങ്ങൾ. പ്രോട്ടീൻ പ്രതിരോധശേഷി വർധിപ്പിക്കാനും മസിൽ ഉണ്ടാവാനും സഹായിക്കുന്നു. അത് പോലെ തന്നെ അയേൺ ഹീമോഗ്ലോബിൻ ഉൽപ്പാദനത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തുന്നു. രക്തപ്രവാഹം നല്ല രീതിയിൽ നടന്നാൽ മാത്രമേ ഓക്സിജൻ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുകയുള്ളൂ. അങ്ങനെ ഉള്ളപ്പോൾ ഭക്ഷണത്തോടൊപ്പം കുടിക്കുന്ന ചായ പ്രോട്ടീനും അയേണും ഒക്കെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടഞ്ഞാൽ പിന്നെ എന്ത് ഗുണം.
ചായയിൽ അടങ്ങിയിരിക്കുന്ന പോളി ഫിനോളുകൾ അയേണിനോടൊപ്പം ചേർന്ന് മറ്റൊരു ഘടകം ആയി തീരും. ഇത് ശരീരം വലിച്ചെടുക്കുകയില്ല എന്ന് മാത്രമല്ല, വയറ്റിൽ ഗ്യാസ് പോലുള്ള പ്രശ്നങ്ങൾക്കും ഇടയാക്കും. ചായയിൽ പ്രോട്ടീൻ ആഗിരണം തടയുന്ന മറ്റൊന്ന് കൂടിയുണ്ട്, അതാണ് ടാനിക് ആസിഡ്.
പിന്നെ ഭക്ഷണത്തോടൊപ്പം എന്ത് കുടിക്കും?
ഭക്ഷണത്തോടൊപ്പം നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. നാരങ്ങാവെള്ളത്തിലെ വിറ്റാമിൻ C ശരീരത്തെ അയേൺ വലിച്ചെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അതിനാൽ ഭക്ഷണത്തോടൊപ്പം ചായ ഒഴിവാക്കി നാരങ്ങാവെള്ളമോ അത് പോലെയുള്ള പാനീയങ്ങളോ കുടിക്കുക.
പിന്നെ എപ്പോൾ ചായ കുടിക്കും?
ആഹാരത്തിന് മുൻപ് ചായ കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. കുടിച്ച ചായ അപ്പോഴും ഭക്ഷണത്തിന്റെ ആഗിരണവും ഇല്ലാതാക്കുന്നു. ഭക്ഷണ ശേഷം ഏറെ കഴിഞ്ഞോ അതായത് ഭക്ഷണം ദഹിയ്ക്കാൻ വേണ്ടുന്ന സമയത്തിന് ശേഷമോ ഭക്ഷണം കഴിക്കുന്നതിന് ഏറെ മുൻപ് ചായ കുടിക്കാം. ചായ കുടിയ്ക്കുന്ന ശീലമുള്ളവർ രണ്ടു ഭക്ഷണസമയങ്ങൾക്കിടയിലുള്ള നേരത്ത് ചായ കുടിക്കുന്നതാണ് ഏറ്റവും നല്ലത്.
