കാലിഫോർണിയ : ചുമ, തുമ്മൽ എന്നിവ വഴി പുറന്തള്ളപ്പെടുന്ന ശരീരദ്രവങ്ങൾ ആറുമീറ്റർ ദൂരേക്ക് വരെ വ്യാപിക്കുമെന്ന് പഠനങ്ങൾ. ഇത്തരത്തിൽ ശരീരദ്രവങ്ങളിലൂടെ ആറ് മീറ്റർ അകലേക്ക് വരെ വൈറസ് വ്യാപിക്കാമെന്ന് പഠനങ്ങൾ പറയുന്നു. തണുത്തതും ഈർപ്പമുള്ളതുമായ അന്തരീക്ഷത്തിൽ വൈറസ് വ്യാപനം നടക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
വൈറസുകളടങ്ങിയ തുള്ളികൾ വായുവിലൂടെ എങ്ങനെ സഞ്ചരിക്കുന്നുവെന്നതും അന്തരീക്ഷവുമായുള്ള താപവിനിമയവും വൈറസ് വ്യാപനത്തെ സ്വാധീനിക്കുന്നു. US ലെ കാലിഫോർണിയ സർവകലാശാല സാന്റ ബാർബറയിൽ നിന്നടക്കമുള്ള ഗവേഷകർ ആണ് പഠനത്തിൽ പങ്കാളികളായത്. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്നതിലൂടെ ശ്വാസകോശദ്രവങ്ങൾ എത്ര ദൂരം സഞ്ചരിക്കുമെന്ന് പരീക്ഷിച്ചു. സെക്കന്റിൽ 100 മീറ്റർ വരെ ഇവ സഞ്ചരിക്കുന്നു. ദ്രവങ്ങൾ ബാഷ്പീകരിക്കാൻ എത്ര സമയം ആവശ്യമാണ്, ഏത് ദിശയിലാണ് ഇവ സഞ്ചരിക്കുക, താപനിലയിലുണ്ടാകുന്ന വ്യത്യാസം എങ്ങനെ സ്വാധീനിക്കുന്നു, വായു പ്രവാഹം, അന്തരീക്ഷ ബാഷ്പം എന്നിവ കണക്കാക്കിയാണ് പഠനം നടന്നത്.
വൈറസ് സാന്നിധ്യമുള്ള ദ്രവങ്ങളുടെ തുള്ളികൾ 20 അടി വരെ സഞ്ചരിക്കുമെന്നും അതിനാൽ നിലവിലെ സാമൂഹിക അകല ചട്ട പ്രകാരമുള്ള 6 അടി ദൂരം വൈറസ് പ്രതിരോധത്തിന് അപര്യാപ്തമാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. മുൻ പഠനങ്ങളിൽ നിന്നുള്ള 40,000 സാമ്പിളുകൾ ആണ് പഠനവിധേയമാക്കിയത്. മെഡ്ആർഎക്‌സ്ഐവി ജേർണലിലാണ് പഠനത്തിന്റെ കരട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ചെറിയ തുള്ളികളാണ് കൂടുതൽ ദൂരം സഞ്ചരിക്കുന്നതെന്നും വലിയ തുള്ളികൾ അടുത്ത് തന്നെയുളള പ്രതലങ്ങളിൽ വീഴും എന്നും പഠനത്തിൽ പറയുന്നു. ചെറിയ തുള്ളികൾ ബാഷ്പ്പീകരിക്കുകയും വായുവുമായി ചേർന്ന് എയറോസോൾ മിശ്രിതമായി മാറുകയും ചെയ്യുന്നു. വൈറസ് വാഹകരായ ഈ എയറോസോൾ കൂടുതൽ നേരം അന്തരീക്ഷത്തിൽ തങ്ങി നിൽക്കും. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിൽ എയറോസോൾ രൂപീകരണം എളുപ്പത്തിൽ സാധ്യമാകും. ഉഷ്ണമേഖലയിലുള്ളവർക്കിടയിൽ വേഗത്തിൽ രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. ചെറിയ തുള്ളികൾക്ക് എളുപ്പത്തിൽ ശ്വാസകോശത്തിൽ എത്തിച്ചേരാനും സാധിക്കും. മുഖാവരണം ധരിക്കുന്നതിലൂടെ വായുവിൽ തങ്ങിനിൽക്കുന്ന വൈറസ് വാഹകരായ കണികകളുടെ ഭീഷണി കുറയ്ക്കാനാവും.
വ്യത്യസ്ത കാലാവസ്ഥകളിൽ പരീക്ഷണം നടത്താനായില്ല എന്ന പരിമിതി ഈ പഠനത്തിനുണ്ടെന്ന് ഗവേഷകർ പറഞ്ഞു. സാർസ് മഹാമാരിയിലും 2002ലെ ഇൻഫ്ലുവൻസ വ്യാപനത്തിലും കാലാവസ്ഥ വ്യതിയാനങ്ങൾ മാറ്റങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ കോവിഡിന്റെ കാര്യത്തിൽ കാലാവസ്ഥാവ്യതിയാനം സ്വാധീനിക്കുമോ എന്ന് പറയാൻ ആവില്ലായെന്നും അവർ പറഞ്ഞു.
