തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയില്‍ സംസ്ഥാനത്ത് മദ്യവിതരണം പുനരാരംഭിച്ചു. രാവിലെ ഒന്‍പത് മുതലാണ് മദ്യ വിതരണം തുടങ്ങിയത്. വെര്‍ച്വല്‍ ക്യൂ (ബെവ്ക്യൂ) ആപ്പില്‍ ബുക്ക് ചെയ്ത് ടോക്കണ്‍ ലഭിച്ചവര്‍ക്കാണ് മദ്യം നല്‍കിത്തുടങ്ങിയത്. എസ്.എം.എസ് മുഖേന ടോക്കണ്‍ ലഭിച്ചവരും മദ്യം വാങ്ങാനെത്തി. മദ്യശാലകള്‍ക്ക് മുന്നില്‍ ഒരു സമയം അഞ്ച് പേര്‍ മാത്രമാണ് ക്യൂവില്‍ നില്‍ക്കാന്‍ അനുവദിച്ചിട്ടുള്ളത്.
ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ്, ബാറുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ മദ്യം വാങ്ങാം. ഒരു ഔട്ട്‌ലെറ്റില്‍ പരമാവധി 400 പേര്‍ക്ക് മാത്രമാണ് മദ്യം നല്‍കുക. ആപ്പ് വഴി രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ ടോക്കണ്‍ ബുക്ക് ചെയ്യാം.
അതേ സമയം ടോക്കണ്‍ വിതരണത്തിനായി തയ്യാറാക്കിയ ആപ്പില്‍ സാങ്കേതിക തടസ്സം തുടരുകയാണ്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുമാകുന്നില്ല. ബാറുടമകള്‍ക്കും ബീവറേജ് അധികൃതര്‍ക്കുമായി തയ്യാറാക്കിയ ആപ്പും ഇതുവരെ പൂര്‍ണ്ണ സജ്ജമായില്ല. ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്കും ക്യൂ ആര്‍കോഡ് സ്‌കാനിങിനും ഉള്‍പ്പെടയുള്ള ആപ്പാണ് സജ്ജമാകാത്തത്. വ്യാജ ടോക്കണ്‍ വന്നാല്‍ തിരിച്ചറിയാനാകില്ലെന്ന് ബാറുടമകള്‍ പരാതിപ്പെട്ടു. ടോക്കണ്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കാത്തിടത്ത് ബില്‍ നല്‍കി മദ്യം നല്‍കാനാണ് തീരുമാനം.
ബുധനാഴ്ച രാത്രി 11 ഓടെയാണ് ഈ ആപ്പ് ഗൂഗിള്‍ േപ്ലസ്റ്റോറില്‍ ലഭ്യമായത്. ഇതിനകം തന്നെ മൂന്ന് ലക്ഷം പേര്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. എന്നാല്‍, വ്യാഴാഴ്ച രാവിലെ ആപ്പ് ഹാങ്ങാവുന്ന അവസ്ഥയുണ്ടായി. പലര്‍ക്കും പുതുതായി ഡൗണ്‍ ചെയ്യാന്‍ സാധിച്ചില്ല. ഇത് കൂടാതെ മറ്റു പല പ്രശ്‌നങ്ങളും ആളുകള്‍ ഉന്നയിക്കുന്നുണ്ട്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ഒ.ടി.പി ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
612 ബാര്‍ ഹോട്ടലുകളില്‍ 576ഉം മദ്യം വിതരണത്തിന് സമ്മതിച്ച് കരാര്‍ വെച്ചിട്ടുണ്ട്. 360 ബിയര്‍ വൈന്‍ ഷോപ്പുകളില്‍ 291ഉം സന്നദ്ധരായി. ബിവറേജസ് കോര്‍പറേഷന്റെ 265 ഉം കണ്‍സ്യൂമര്‍ഫെഡിന്റെ 36 ഉം ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പൈട 301 ഇടങ്ങളിലൂടെയും മദ്യം വില്‍ക്കും.
ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും മദ്യഷാപ്പ് തുറക്കുക. ഒരുസമയം കണ്ടെയ്ന്‍മെന്റ്, റെഡ് സോണുകളില്‍ തുറക്കില്ല.
