Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് ഇല്ലിക്കുന്ന് തൂക്ക് പാലത്തിന്റെ പുനരുദ്ധാരണ പണികൾ പുരോഗമിക്കുന്നു


തീക്കോയി: കഴിഞ്ഞ പ്രളയത്തിൽ തകർന്ന തീക്കോയി- തലനാട് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇല്ലിക്കുന്ന് തൂക്ക് പാലത്തിന്റെ പുനരുദ്ധാരണ പണികൾ പുരോഗമിക്കുന്നു. കനത്ത പ്രളയത്തിൽ വലിയ തടികൾ വന്ന് ഇടിച്ചാണ് തൂക്ക് പാലം തകർന്നത്. തീക്കോയി ഗ്രാമപഞ്ചായത്തിലെ അൻപതോളം കുടുംബങ്ങളുടെ ഏക സഞ്ചാര മാർഗ്ഗമായിരുന്നു തൂക്ക്‌ പാലം. 



തീക്കോയി ഗ്രാമപഞ്ചായത്ത്‌ അടിയന്തിരമായി തൂക്ക്‌ പാലം പുനരുദ്ധരിക്കുവാൻ ആവശ്യമായ തുക നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഇപ്പോൾ നിർമ്മാണം നടത്തുവാൻ സാധിച്ചത്. പ്രളയത്തെ തുടർന്ന് തൂക്ക്‌ പാലത്തിന്റെ പ്രധാന ഇരുമ്പ്  കേഡറുകളും  കുത്തു കമ്പികളും വളഞ്ഞു പോയിരുന്നു. ഇവ മാറ്റി പുതിയ കേഡറുകൾ സ്ഥാപിച്ചാണ് പുനർനിർമ്മിക്കുന്നത്.  



1908 ൽ തീക്കോയിൽ റബ്ബർ എസ്റ്റേറ്റ് ആരംഭിക്കുന്നതിനു വേണ്ടി ഇഗ്ലണ്ട് ആസ്ഥാനമായുള്ള ഡാറാസ്മെയിൻ കമ്പനി 99 വർഷത്തെ പാട്ട കരാറിൽ 2500 ഏക്കർ ഭൂമി ഏറ്റെടുക്കുകയും തുടർന്ന് തൊഴിലാളികൾക്ക് സഞ്ചരിക്കുന്നതിനു വേണ്ടിയാണു തീക്കോയി ആറിന് കുറുകെ എസ്റ്റേറ്റ് കമ്പനി തൂക്ക്‌ പാലം നിർമിച്ചത്. ഈ പാലം പിന്നീട് തീക്കോയി ഗ്രാമ പഞ്ചായത്ത്‌ ഏറ്റെടുത്ത് കാലകാലങ്ങളിൽ മെയിന്റെനൻസ് നടത്തി വരികയും ചെയ്തിരുന്നു. ധാരാളം ടൂറിസ്റ്റുകൾ ഈ തൂക്ക്‌ പാലം സന്ദർശിക്കുവാൻ നിത്യേന വരുന്നുണ്ട്.

മാർച്ച്‌ 15 ന് മുൻപ് തൂക്ക്‌ പാലത്തിന്റെ പുനരുദ്ധാരണ പണികൾ പൂർത്തിയാകുമെന്നും തൂക്ക്‌ പാലം സഞ്ചാരത്തിനായി തുറന്നു കൊടുക്കുമെന്നും പ്രസിഡന്റ്‌ കെ സി ജെയിംസ് പറഞ്ഞു. നിർമ്മാണ ജോലികൾ വിലയിരുത്തുവാൻ അസിസ്റ്റന്റ് എഞ്ചിനീയർ ഗ്രീഷ്മ കെ ആർ,ഓവർസിയർ ദിവ്യ, വാർഡ് മെമ്പർ മാളു ബി മുരുകൻ, മുൻ മെമ്പർ പി മുരുകൻ എന്നിവർ പ്രസിഡന്റിനോടൊപ്പം തൂക്കുപാലത്തിൽ എത്തിയിരുന്നു.
Reactions