പാലാ ജൂബിലി തിരുനാളിന്റെ പ്രധാന ചടങ്ങായ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കൽ ഭക്തിനിർഭരമായി നടന്നു.
മാതാവിന്റെ തിരുസ്വരൂപത്തിൽ കിരീടം അണിയിച്ചു. മാതാവിനെ നാരങ്ങാമാല അണിയിച്ചു. കത്തീഡ്രൽപള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ മുഖ്യ കാർമികത്വം വഹിച്ചു.
ളാലം പഴയപള്ളി വികാരി ഫാ ജോസഫ് തടത്തിൽ, ഫാദർ ദേവസ്യാച്ചൻ വട്ടപ്പലം എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. തിരുസരൂപത്തിൽ നാരങ്ങാമാല സമർപ്പിക്കുന്നതാണ് പ്രധാന വഴിപാട്. അതിനായി നിരവധി വിശ്വാസികളാണ് എത്തിയത്.
തിരുനാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും നഗരത്തിൽ വർണ്ണാഭമായ പ്രദക്ഷിണം നടക്കും. വൈകുന്നേരം 5 നു വിശുദ്ധ കുർബാന തുടർന്ന് കൊട്ടാരമറ്റം ഭാഗത്തേക്ക് പ്രദക്ഷിണം, രാത്രി 7.30ന് കൊട്ടാരമറ്റം സന്തോം കോംപ്ലക്സിൽ പ്രദക്ഷിണസംഗമം എന്നിവ നടക്കും.
ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ സന്ദേശം നൽകും. നേർച്ച കാഴ്ചകൾ അർപ്പിക്കുന്നതിനായി നിരവധി വിശ്വാസികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.