മൂന്നാർ: തോട്ടം മേഖലയിലെ സ്ഥിരം സാന്നിധ്യമായിരുന്ന പടയപ്പയെ ദിവസങ്ങളായി കാണാനില്ല. കഴിഞ്ഞ 17-ാം തീയതിയാണ് ആനയെ മേഖലയിൽ അവസാനമായി കണ്ടത്. രണ്ടു മാസത്തോളം മൂന്നാർ പഞ്ചായത്തിന് കീഴിലുള്ള നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ആന സ്ഥിരമായി എത്തിയിരുന്നു.
കാട്ടിൽ ഭക്ഷണ ലഭ്യത കുറഞ്ഞതോടെയാണ് തീറ്റ തേടി പടയപ്പ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ എത്തിയത്. എന്നാൽ, പഞ്ചായത്ത് ആനയ്ക്ക് ഭക്ഷണം നൽകുന്നത് അവസാനിപ്പിക്കുകയും മാലിന്യ പ്ലാന്റിൽ കൂറ്റൻ ഗേറ്റ് സ്ഥാപിക്കുകയും ചെയ്തതോടെ ആന പ്രദേശത്തുനിന്ന് പിൻവാങ്ങി.
പിന്നീട് ഗ്രാംസ് ലാൻഡ് ഭാഗത്ത് പടയപ്പയെ കണ്ടു എന്ന് പറയുന്നുണ്ടെങ്കിലും അത് മറ്റൊരാനയാണെന്നാണ് സ്ഥിരീകരണം. പ്രായാധിക്യവും പിന്നിലെ വലതുകാലിന്റെ ബലക്കുറവും ആനയെ വല്ലാതെ അലട്ടുന്നുണ്ട്. കന്നിമല, മാട്ടുപ്പെട്ടി, കുണ്ടള മേഖലയിലെ സ്ഥിരം സാന്നിധ്യമായിരുന്നു പടയപ്പയെയാണ് ദിവസങ്ങളായി കാണാതായിരിക്കുന്നത്.







