ബാംഗ്ലൂർ: ബാംഗ്ലൂർ മയക്കുമരുന്ന് കേസുമായ് ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ മുതൽ യെലഹങ്കയിലെ രാഗിണിയുടെ വീട്ടിൽ സിസിബി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാഗിണിയെ കസ്റ്റഡിയിലെടുത്തത്. രാഗിണിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
അന്വേഷണ സംഘത്തിന് മുന്നിൽ വ്യാഴാഴ്ച ഹാജരാകാൻ രാഗിണിക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും കൂടുതൽ സമയം ആവശ്യപ്പെട്ട രാഗിണി സിസിബി ആസ്ഥാനത്ത് ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയിൽനിന്ന് സെർച്ച് വാറണ്ടുമായി രാഗിണിയുടെ യെലഹങ്കയിലെ വീട്ടിൽ സി.സി.ബി. ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്.
രാഗിണി ദ്വിവേദിയുടെ സുഹൃത്തായ രവിശങ്കർ ഇന്നലെ അറസ്റ്റിലായിരുന്നു. ലഹരിമരുന്ന് കേസിൽ രവിശങ്കറിന് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ രാഗിണിക്കും കേസിൽ പങ്കുണ്ടെന്ന തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാഗിണിയുടെ വീട്ടിൽ സിസിബി റെയ്ഡ് നടത്തിയതും നടിയെ കസ്റ്റഡിയിലെടുത്തതെന്നുമാണ് സൂചന.
