കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളെയും ഞെട്ടിച്ച് പിസി ജോർജിന്റെ മകൻ ഷോൺ ജോർജിന് മിന്നുന്ന വിജയം. പൂഞ്ഞാർ ഡിവിഷനിൽ നിന്ന് 15,797 വോട്ടിനാണ് ഷോൺ ജോർജ് വിജയിച്ചത്. 1,584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജനപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. ഷോൺ ജോർജ്ജിന്റെ വിജയം.
ജനപക്ഷം രൂപംകൊണ്ട ശേഷം മലയോര മേഖലകളിലെ പഞ്ചായത്തുകളില്‍ പാര്‍ട്ടി കരുത്തു തെളിയിച്ചിരുന്നു. ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാര്‍ ഡിവിഷന് നിലവില്‍ ജന പക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മൂന്ന് മുന്നണികളെയും ഞെട്ടിച്ച് പി.സി. ജോര്‍ജ് വൻ ഭൂരിപക്ഷത്തിൽ ഗംഭീര വിജയം നേടിയിരുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ അതേ വിജയം മകനിലൂടെ ആവര്‍ത്തിക്കുകയായിരുന്നു. പൊതു തെരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണെങ്കിലും എല്ലാവര്ക്കും സുപരിചിതനായ വ്യക്തിത്വമാണ് ഷോണ്‍ ജോര്‍ജ്. ജനങ്ങൾക്കിടയിലുള്ള ഈ സ്വീകാര്യതയാണ് വൻ ഭൂരിപക്ഷത്തിൽ വിജയം നേടാൻ സഹായകമായത്.
