Hot Posts

6/recent/ticker-posts

കോട്ടയത്തെ സദാചാര ആക്രമണം; കോളേജ് വിദ്യാർഥികൾ മുടി മുറിച്ച് പ്രതിഷേധിച്ചു


കോട്ടയം നഗരമധ്യത്തില്‍ രാത്രി പെണ്‍കുട്ടിക്കുനേരെ സദാചാരഗുണ്ടകളുടെ ആക്രമണം ഉണ്ടായതില്‍ സി.എം.എസ്. കോളേജ് വിദ്യാര്‍ഥികള്‍ മുടി മുറിച്ച് പ്രതിഷേധിച്ചു. കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധച്ചങ്ങലയും തീര്‍ത്തു. കോളേജ് അധികാരികളും വിദ്യാര്‍ഥിസമരത്തോട് അനുകൂല സമീപനമാണ്‌ സ്വീകരിച്ചത്.


തിങ്കളാഴ്ച രാത്രി 10.30-നാണ് തിരക്കേറിയ തിരുനക്കരയില്‍ അക്ഷരനഗരിയെ ലജ്ജിപ്പിച്ച സംഭവമുണ്ടായത്. സദാചാര ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും സുഹൃത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തിനേറ്റ പരിക്കിനേക്കാള്‍ വലുത് ഈ മാനസിക നൊമ്പരമാണെന്ന് ആശുപത്രിയില്‍വെച്ച് പെണ്‍കുട്ടി പറഞ്ഞിരുന്നു.


സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. താഴത്തങ്ങാടി സ്വദേശികളായ ഷബീര്‍, മുഹമ്മദ് അസ്ലം, അനസ് അഷ്‌കര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റുചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.


നടുറോഡില്‍ വലിച്ചിഴച്ചും വയറ്റത്ത് ചവിട്ടിയും ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ അലറിവിളിച്ചുള്ള പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഒട്ടേറെപ്പേര്‍ ഓടിക്കൂടിയിരുന്നു. എന്നാല്‍, ഒരാള്‍പോലും പ്രതികരിച്ചിരുന്നില്ല.


സഹപാഠി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഹോസ്റ്റലില്‍നിന്ന് വസ്ത്രം എടുത്തുകൊടുക്കാന്‍ പോയതായിരുന്നു ഇരുവരും. തിരുനക്കരയില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ മൂന്നുപേര്‍ കാറില്‍വന്നു. പെണ്‍കുട്ടിയെ രൂക്ഷമായി നോക്കി അശ്ലീലപരാമര്‍ശം നടത്തി. മോശമായ ആംഗ്യവും കാണിച്ചു. ഒപ്പമുള്ള ആണ്‍കുട്ടി ഇതിനെ ചോദ്യംചെയ്തു. ആക്രമണം ഉണ്ടാകുമെന്ന് തോന്നിയതോടെ ഇരുവരും കടയില്‍നിന്ന് ഇറങ്ങി.

ഹോസ്റ്റലില്‍ച്ചെന്ന് വസ്ത്രം എടുത്ത് മടങ്ങുമ്പോള്‍ തിരുനക്കരയില്‍ കേരള ബാങ്കിന് സമീപത്ത് അക്രമികള്‍ ഇവര്‍ സഞ്ചരിച്ച ബൈക്കിനുകുറുകെ കാര്‍ നിര്‍ത്തി തടഞ്ഞു. ഇരുവരെയും ബൈക്കില്‍നിന്ന് വലിച്ചിറക്കി. ''നിങ്ങളെ നോക്കി നടക്കുകയായിരുന്നു'' എന്ന് ആക്രോശിച്ചായിരുന്നു മര്‍ദനം. ആണ്‍കുട്ടിയെ തലയ്ക്കുപിന്നില്‍ അടിച്ചുവീഴ്ത്തി. പെണ്‍കുട്ടിയെ വയറ്റില്‍ ചവിട്ടിവീഴ്ത്തി. മുടിക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചു.

പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഒട്ടേറെപ്പേര്‍ ഓടിവന്നെങ്കിലും ആരും അക്രമികളെ തടഞ്ഞില്ല. ഇരുവരെയും കാണാഞ്ഞ് സുഹൃത്തുക്കള്‍ ഇവരുടെ ഫോണില്‍ വിളിച്ചപ്പോള്‍ നിലവിളിയാണ് കേട്ടത്. ഇതോടെ കൂട്ടുകാര്‍ പാഞ്ഞെത്തി. ഇതിനകം പട്രോള്‍ പോലീസ് സംഘമെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
മാലിന്യത്തെ അകലെ നിർത്തി അകലക്കുന്നം ഗ്രാമപഞ്ചായത്ത്