താനൂർ: താനാളൂരിൽ തെരുവ് നായകൾ കടിച്ചു കീറിയ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ.വട്ടത്താണി സ്വദേശി റഷീദിന്റെ മകൻ മുഹമ്മദ് റിസ്‍വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിൽ നാല്പപതോളം മുറിവുകളുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. വെള്ളിയാഴ്ചയാണ് സംഭവം. വീടിന് സമീപത്തുള്ള ബൈപ്പാസ് റോഡിലേക്ക് ഇറങ്ങിവന്ന കുട്ടിയെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്.
ആറോളം തെരുവുനായ്ക്കളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. ഈ സമയത്ത് കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവും സഹോദരനും എത്തിയാണ് നായകളിൽ നിന്ന് കുട്ടിയെ രക്ഷപെടുത്തിയത്.