കാസര്‍കോട്: കാസര്‍കോട് നിന്ന് മംഗളൂരുവിലേക്കുള്ള വഴി കര്‍ണ്ണാടക അടച്ചതോടെ പ്രതിസന്ധിയിലായ കാസര്‍കോട് ജില്ലയിലെ മലയാളികള്‍ക്ക് ആശ്വാസമായി അതിവേഗത്തില്‍ പുത്തന്‍ ആശുപത്രി ഒരുങ്ങുന്നു. ടാറ്റ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ആശുപത്രി നിര്‍മ്മാണം നടക്കുക. കാസര്‍കോട് ചെമ്മനാട് പഞ്ചായത്തിലെ തെക്കില്‍ വില്ലേജില്‍ 15 ഏക്കര്‍ റവന്യു ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. 450 പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളും അടങ്ങുന്ന സംവിധാനം ടാറ്റാ ഗ്രൂപ്പ് സജ്ജീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ഇതിനു നേതൃത്വം കൊടുക്കാനുള്ള ടീം കാസര്‍കോട് എത്തിയിരുന്നു. എന്‍ജിനിയര്‍മാര്‍ ഉള്‍പ്പടെയുള്ള സംഘമാണ് എത്തിയത്. ആശുപത്രി നിര്‍മ്മാണത്തിന് നേതൃത്വം വഹിക്കാന്‍ ആവശ്യമായ വലിയൊരു ടീം ഇവിടെ നിന്നുകൊണ്ടു തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്നുമാസത്തിനകം ആശുപത്രി പ്രവര്‍ത്തനമാരംഭിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുക. നിര്‍മ്മാണത്തിന്റെ സഹായത്തിന് കാസര്‍കോട്ടെ കോണ്‍ട്രാക്ടര്‍മാരുടെ സേവനവും അധികൃതര്‍ തേടിയിട്ടുണ്ട്.
