തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഒമ്പതു പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ 4, ആലപ്പുഴ 2, കാസര്‍കോട് 1, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഇന്നു രോഗം സ്ഥിരീകിച്ചവര്‍. ഇതില്‍ നാലു പേര്‍ വിദേശത്തു നിന്നു വന്നവരാണ്. രണ്ടു പേര്‍ ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും മൂന്ന് പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പിടിപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 345 ആയി. 169 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍നിന്ന് മൂന്നുപേര്‍ വീതവും, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്ന് രണ്ടുപേര്‍ വീതവും കണ്ണൂര്‍ ജില്ലയില്‍നിന്ന് ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിന് വലിയ ആശ്വാസത്തിന്റെ ദിനങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമില്ല. കണ്ണൂരിലും പാലക്കാട്ടും കൊവിഡ് ക്യാമ്പുകള്‍ അവസാനിപ്പിച്ചു. ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കാത്തിരിക്കാനാണ് കേരളത്തിന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്ത് നോര്‍ക്കയുടെ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കും. കാസര്‍കോട് അതിര്‍ത്തിയില്‍ നമ്മുടെ ഡോക്ടര്‍മാര്‍ സജീവമായി രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്‌നമുണ്ടാകില്ല. അത്യാസന്ന നിലയിലുള്ളവരും അടിയന്തര ചികിത്സ ആവശ്യമുള്ളവരും മംഗളൂരുവിലേക്ക് പോയാല്‍ മതി. ലോക്ക് ഡൗണ്‍ ലംഘനത്തില്‍ പിടികൂടുന്ന വാഹനം പിടിച്ചെടുക്കുന്നതിനു പകരം ഇനിമുതല്‍ പിഴ ചുമത്തുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
