ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്താൻ സുപ്രീം കോടതി വിധി. കോവിഡിന്റെ സാഹചര്യത്തിൽ പരീക്ഷകൾ നടത്താൻ പാടില്ല എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ആറ് സംസ്ഥാനങ്ങൾ സമർപ്പിച്ച റിവ്യൂ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റീസുമാരായ അശോക് ഭൂഷൺ, ബി.ആർ. ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് റിവ്യൂ ഹർജി പരിഗണിച്ചത്.
പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാരാണ് ഹർജിക്കാർ. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഹർജിയിൽ ചേർന്നിരുന്നു.
ജസ്റ്റീസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ചാണ് നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയത്. ഇതിന് എതിരെയാണ് ആറ് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും റിവ്യു ഹർജി സമർപ്പിച്ചത്.
