കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ പിടിയിലായ ലഹരിമരുന്ന് സംഘവുമായ് ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പിടിയിലായ അനിഖയ്ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്. മുഹമ്മദ് അനൂപ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽനിന്ന് ഇക്കാര്യം വ്യക്തമാണെന്നും പി.കെ ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വർണക്കടത്ത് പ്രതി റമീസുമായും അനൂപിന് ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു. അനൂപ് നർകോട്ടിക് ബ്യൂറോയ്ക്ക് നൽകിയ മൊഴിയുടെ പകർപ്പും ഫിറോസ് പുറത്തുവിട്ടു. അനൂപ് മുഹമ്മദ് കുമരകത്ത് ലഹരി നിശാ പാർട്ടി നടത്തിയെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. 2015-ൽ അനൂപ് കമ്മനഹള്ളിയിൽ തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ൽ അനൂപ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയർപ്പിച്ച് ഫെയ്സ്ബുക്ക് പേജിൽ ലൈവ് ഇടുകയും ചെയ്തിരുന്നു.
ലഹരിമരുന്നു കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് ജൂലൈ 10-ന് വന്ന കോളുകൾ പരിശോധിക്കണം. ആ ദിവസമാണ് സ്വപ്ന സുരേഷ് ബംഗളൂരുവിൽ പിടിക്കപ്പെട്ടത്. 26 തവണയാണ് ബിനീഷ് അനൂപിനെ വിളിച്ചിട്ടുള്ളത്. അനൂപിൻറെ മൊഴിയിൽ നിന്നു തന്നെ ബന്ധം വ്യക്തമാണെന്നും ഫിറോസ് പറഞ്ഞു. ജൂലായ് പത്താം തീയതി ബിനീഷ് കോടിയേരിയും ബെംഗളൂരുവിലാണുണ്ടായിരുന്നത്. പിടിയിലായവർക്ക് കേരളത്തിലെ സിനിമാ സംഘവുമായും രാഷ്ട്രീയ നേതൃത്വവുമായും സ്വർണക്കടത്തുകാരുമായെല്ലാം അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണെന്നും പി.കെ ഫിറോസ് പറഞ്ഞു.
ലഹരി കടത്തുകേസിൽ അറസ്റ്റിലായ പ്രതികളിൽ പലർക്കും സ്വർണക്കടത്തു പ്രതികളുമായി ബന്ധമുണ്ട്. ഫോൺ രേഖകൾ പിന്നീട് പുറത്തുവിടുമെന്നും ഈ കേസിൽ അന്വേഷണം കേരളത്തിലേക്ക് എത്തിരിക്കാൻ ശ്രമം നടക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു.
