കോഴിക്കോട്: മയക്കുമരുന്ന് കേസുമായ് ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് അനൂപ് തനിക്ക് നന്നായി അറിയാമെന്ന് ബിനീഷ് കോടിയേരി. എന്നാൽ അനൂപ് അത്തരത്തിലുള്ള ഒരാളല്ലെന്നാണ് തനിക്കറിയില്ലെന്ന് ബിനീഷ് കോടിയേരി വ്യക്തമാക്കി. ബെംഗളൂരുവിൽ പിടിയിലായ മയക്കുമരുന്ന് സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന്റെ ആരോപണങ്ങളോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പി.കെ.ഫിറോസിന് എന്ത് ആരോപണവും ഉന്നയിക്കാം. അനൂപിനെ ഞാൻ പലപ്പോഴും വിളിക്കാറുണ്ട്. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം അനൂബിനെ വിളിച്ചിട്ടുണ്ടോ എന്ന കാര്യം എനിക്കോർമയില്ല. എൻ.ഐ.എ ചോദിക്കുകയാണെങ്കിൽ കോൾ ലിസ്റ്റെല്ലാം കൊടുക്കാം. അനൂപ് ടി-ഷർട്ട് ബിസിനസ് നടത്തിയിരുന്ന സമയത്താണ് താൻ പരിചയപ്പെട്ടത്. ഹോട്ടൽ റൂം ബുക് ചെയ്തു തരാറുണ്ട്, റസ്റ്ററൻറ് തുടങ്ങാൻ ആറുലക്ഷം രൂപ വായ്പ നൽകിയിട്ടുണ്ട്. അനൂപിന് ലഹരിമരുന്ന് കച്ചവടവുമായി ബന്ധമുണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതായിരുന്നു.
കുമരകത്തെ നിശാപാർട്ടിയിൽ താൻ പങ്കെടുത്തിട്ടില്ല. നാലോ അഞ്ചോ വർഷം മുൻപുളള ഫോട്ടോയാണ് ഇപ്പോഴത്തേതെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും ബിനീഷ് പറഞ്ഞു.
