പാലാ: അഭിമാനപ്പോരാട്ടത്തിൽ പാലാ നഗരസഭ പിടിച്ചെടുത്ത് ജോസ് കെ. മാണി, പാലാ നഗരസഭയിൽ മത്സരിച്ച 13 ൽ 11 സീറ്റിലും കേരള കോൺഗ്രസ് (എം) വിജയിച്ചു. 26 വാർഡുള്ള പാലാ നഗരസഭയിൽ മത്സരിച്ച 13 ൽ 11 സീറ്റിലും കേരള കോൺഗ്രസ് (എം) വിജയിച്ചു. ജോസഫ് വിഭാഗം മൂന്ന് സീറ്റിൽ മാത്രമാണ് വിജയിച്ചത്.
കെ.എം. മാണിയുടെ മുൻ വിശ്വസ്തനും മുൻ നഗരസഭ അധ്യക്ഷനുമായ കുര്യാക്കോസ് പടവന്റെ നേതൃത്വത്തിൽ ശക്തമായ മത്സരമാണ് യുഡിഎഫ് നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.ജെ. ജോസഫ് എന്നിവരും നഗരസഭ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്നു. എന്നാൽ പ്രവർത്തനങ്ങൾ ഫലം കണ്ടില്ല. പാലാ നിർണായകമാകുമെന്നു തിരിച്ചറിഞ്ഞ ജോസ് കെ. മാണി നഗരസഭയിൽ കേന്ദ്രീകരിച്ചു നടത്തിയ പ്രചാരണമാണ് ഗുണം ചെയ്തത്.
കെ.എം. മാണിയോടുള്ള സ്നേഹമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നു ജോസ് കെ. മാണി എംപി പറഞ്ഞു. കേരള കോൺഗ്രസിന്റെ (എം) വിജയം കെ.എം. മാണിയെ ചതിച്ചവർക്കുള്ള മറുപടിയാണ്. മധ്യതിരുവിതാംകൂറിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റം ഉണ്ടായി. ജനങ്ങൾ ഇടതുപക്ഷത്തോട് ഒപ്പമാണ്. കേരള കോണ്‍ഗ്രസ് പാർട്ടിയെയും മാണിസാറിന്റെ രാഷ്ട്രീയത്തെയും ഇല്ലായ്മ ചെയ്യുവാനാണ് അവർ നോക്കിയത്. മാണിസാറിനൊപ്പം പതിറ്റാണ്ടുകളായി നിന്നവരാണ് കേരള കോൺഗ്രസിന്റെ സ്ഥാനാർഥികളായിരിക്കുന്നത്. അല്ലാതെ പുതിയതായി ചേർന്നവരല്ല. യഥാർഥ കേരള കോൺഗ്രസ് (എം) ഏതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു, കോടതി പറഞ്ഞു. ഇപ്പോൾ ജനങ്ങളും പറഞ്ഞു – ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
