അറുപത് വയസ് കഴിഞ്ഞ ഗുരുതര രോഗമുള്ളവർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയെന്ന് നാഷ്ണൽ ഹെൽത്ത് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും കൊവിൻ പ്ലാറ്റ്ഫോമിന്റെ ചുമതലക്കാരനുമായ ഡോ എസ് ആർ ശർമ്മ. അറുപത് വയസ് പിന്നിട്ടവർക്കും ആരോഗ്യ പ്രവർത്തകർക്കും ബൂസ്റ്റർ ഡോസ് നൽകാനാണ് തീരുമാനം. ഗുരുതര രോഗമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 45 നും 59 നും ഇടയിലുള്ള ഗുരുതര രോഗമുള്ളവർക്ക് വാക്സിൻ നൽകിയ മാതൃകയിലായിരിക്കും ബൂസ്റ്റർ ഡോസ് നൽകുക. പ്രമേഹം, ഹൃദയസംബന്ധ അസുഖങ്ങൾ, വൃക്ക സംബന്ധമായ അസുഖങ്ങൾ അടക്കം 20 ഗുരുതര രോഗങ്ങളാണ് സർക്കാരിന്റെ പട്ടികയിലുള്ളത്.
ഡോക്ടർമാർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ബൂസ്റ്റർ ഡോസ് നൽകും. സർട്ടിഫിക്കറ്റ് കൊവിൻ സൈറ്റിൽ അപ്ലോഡ് ചെയ്യുകയോ വാക്സിനെടുക്കാൻ വരുമ്പോൾ കയ്യിൽ കരുതുകയോ വേണം. രാജ്യത്ത് 13 കോടി ആളുകൾക്കാണ് ബൂസ്റ്റർ ഡോസ് ലഭിക്കുക. 2011 ലെ സെൻസസ് പ്രകാരം 13.79 ആളുകൾ 60 വയസ് പിന്നിട്ടവരാണെന്നാണ് കണക്ക്.
എന്താണ് ബൂസ്റ്റർ ഡോസ്?
കൊവിഡ് 19 നെ പ്രതിരോധിക്കാൻ രാജ്യത്ത് നിലവിൽ രണ്ട് വാക്സിനുകളാണ് നൽകുന്നത്. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയാണ് അവ. ഈ വാക്സിനുകളുടെ രണ്ട് ഡോസാണ് ഇപ്പോൾ നൽകുന്നത്. ഇവയിൽ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്കാണ് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് മൂന്നാമത്തെ ഡോസ് വാക്സിൻ നൽകുന്നത്. ഇതിനെയാണ് ബൂസ്റ്റർ ഡോസ് എന്നു വിളിക്കുന്നത്. ബൂസ്റ്റർ ഡോസ് പ്രഖ്യാപന വേളയിൽ ഇതിനെ പ്രിക്കോഷൻ ഡോസ് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത് എപ്പോൾ?
വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മുതൽ 12 മാസം പിന്നിടുമ്പോഴാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത്. എന്നാൽ ഇന്ത്യയിൽ ഇതുവരെ കൃത്യമായ ഇടവേള നിശ്ചയിച്ചിട്ടില്ല. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയുടെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള കാലപരിധി പരിശോധിച്ചു വരികയാണ്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്.