പഴയ സ്വർണം വാങ്ങി വിൽക്കുന്നതിൽ ക്രമക്കേടുണ്ടെന്നാണ് ജി.എസ്.ടി വിഭാഗത്തിന്റെ കണ്ടെത്തൽ. ഒരു കോടിയിലേറെ രൂപയാണ് അച്ചായൻസ് ഗോൾഡിന്റെ നികുതിവെട്ടിപ്പ്. കണക്കിൽപ്പെടാത്ത പണവും സ്വർണവും ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തുകയും ചെയ്തെന്നാണ് വിവരം. 

പാവപ്പെട്ടവരെ കണ്ടെത്തി അവരെ സഹായിച്ച് അതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന മാർക്കറ്റിംഗ് തന്ത്രമാണ് അച്ചായൻസ് ഗോൾഡിന്റെ പ്രത്യേകത. പോസ്റ്ററുകളിലും വീഡിയോകളിലും സ്വയം പ്രത്യക്ഷപ്പെടുന്നതുവഴി വലിയ ആരാധക വൃന്ദത്തെയും അച്ചായൻസ് എന്ന പേരിൽ ടോണി വർക്കിച്ചൻ നേടിയിട്ടുണ്ട്.
എന്നാൽ തങ്ങളുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സാധാരണ കമ്പനികൾ ചെയ്യാറുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ പോലും അച്ചായൻസ് ഗോൾഡ് ചെയ്യുന്നില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. മുമ്പ് 15 ലക്ഷം രൂപമുടക്കി രണ്ട് ആഡംബര കാറുകൾക്ക് ഫാൻസി നമ്പർ ലേലം പിടിച്ചും ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു.
