ചരിത്രങ്ങളെന്നത് വെറും കെട്ടുകഥയല്ലെന്ന് തെളിയിക്കുന്നത് കാലം മായ്ക്കാത്ത ചരിത്രത്തിന്റെ അവശേഷിപ്പുകളിൽ നിന്നാണ്.
അങ്ങനെയുള്ള ഒരു വലിയ ചരിത്രത്തിന്റെ അവശേഷിപ്പാണ് ഷൊർണൂരിൽ സ്ഥിതിചെയ്യുന്ന കവളപ്പാറ കൊട്ടാരം. വള്ളുവനാടിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് കവളപ്പാറ കൊട്ടാരം.
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനടുത്ത് സ്ഥിതിചെയ്യുന്ന, നാനൂറ് വർഷത്തോളം പഴക്കമുള്ള ഈ കൊട്ടാരം ഇന്ന് നാശത്തിന്റെ വക്കിലാണ്. സംസ്കാര സമ്പന്നതയുടെ ചരിത്രശേഷിപ്പുകൾ നശിപ്പിക്കപ്പെടുന്നത് കാലത്തോട് ചെയ്യുന്ന അനീതിയാണ്.
മലബാറിൽ സാംസ്കാരികമായി പൈതൃകമായ പ്രസിദ്ധമായ ഒരു ചെറിയ നാട്ടുരാജ്യമായിരുന്നു കവളപ്പാറ. പറയിപെറ്റ പന്തിരുകുലത്തിലെ കാരയ്ക്കാലമ്മയുടെ വംശപരമ്പരയാണ് കവളപ്പാറ സ്വരൂപങ്ങൾ എന്നാണ് പറയുന്നത്. കൊല്ലിനും കൊലയ്ക്കും അധികാരമുള്ള നാടുവഴിയായിരുന്നു മൂപ്പിൽ നായർ. അക്കാലത്ത് കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയും അദ്ദേഹം നൽകിയിരുന്നു. കടുത്ത ശിക്ഷകൾ കിട്ടിയത് മൂലം കുറ്റകൃത്യങ്ങൾ കുറവായിരുന്നു എന്നു വേണം പറയാൻ. സാമൂതിരിയുടെ കൂറുപ്രദേശത്ത് അങ്കംവെട്ടി നാടുവാഴി സ്വരൂപം സ്ഥാപിച്ച മൂപ്പിൽനായർ പരമ്പരയുടെ അനേകം വീരകഥകളുണ്ട് ഈ മണ്ണിന്. ഐത്യഹ്യത്തിന്റെ രഥത്തിലേറി വന്ന കവളപ്പാറയുടെ മുദ്രയായി
.കൊട്ടാരത്തിൽ ഇപ്പോൾ അവശേഷിക്കുന്ന ഏതാനും ഭാഗങ്ങളാണ് മാളികപ്പുരയും , ഊട്ടുപുരയും സർപ്പക്കാവും അമ്പലവും. ബാക്കിയുള്ള ശേഷിപ്പുകൾ എല്ലാം നശിച്ചു പോയി.കാലപ്പഴക്കത്താൽ കെട്ടിടത്തിന്റെ ഒരു ഭാഗം നിലം പൊത്തി.
കൊട്ടാരവും, ബംഗ്ലാവും, മറ്റു അനുബന്ധ കെട്ടിടങ്ങളും ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ലേലത്തില്‍ വിറ്റു.ഉന്നതിയിലായിരുന്ന ഈ കൊട്ടാരം മക്കത്തായ മരുമക്കത്തായ തർക്കത്തിൽ പെട്ട് 1964 മുതൽ ഒറ്റപ്പാലം കോടതിയുടെ മേൽനോട്ടത്തിൽ റിസീവർ ഭരണത്തിലാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള വ്യാപാര രേഖകളാണ് മാളിക ചുവടിന്‍റെ മുറിക്കുള്ളില്‍ ഇന്നു അനാഥമായി കിടക്കുന്നത്. ഒരു കാലത്തെ പ്രതാപമായിരുന്ന കൊട്ടാരമാകട്ടെ ഇന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുന്നു.
നമ്മുടെ ചരിത്രരേഖകളിലെല്ലാം ഒഴിച്ചു കൂടാനാവാത്ത സ്ഥാനമാണ് കവളപ്പാറകൊട്ടാരത്തിന്റേത്.
വാസ്തുവിദ്യയുടെ വിസ്‌മയം കൂടിയാണ് ഈ കൊട്ടാരം.
ഈസ്റ്റ് ഇന്ത്യ കമ്പനി കൊട്ടാര ഭരണം ഏറ്റെടുത്ത കാലവുമുണ്ടായിരുന്നു.
കവളപ്പാറ മൂപ്പിൽ നായരാണ് ഈ രാജവംശത്തിന് ആളും അർത്ഥവും നൽകി പ്രതാപകാലത്തേക്ക് നയിച്ചത്. സാമൂതിരിയുടെ കോപത്തിന് പാത്രമായി തീർന്ന ഈ നാട്ടുരാജ്യത്തിന്റെ അധികാര മുദ്രകളായ വാളും പരിചയും സാമൂതിരി പിടിച്ചെടുക്കുകയും കവളപ്പാറ സ്വരൂപത്തെ ഉല്മൂലനം ചെയ്യാൻ നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കവളപ്പാറ ചെറിയ മൂപ്പിൽ നായരാണ് കൗശലപൂർവ്വം സാമൂതിരിയിൽ നിന്ന് അടയാളമുദ്രകൾ തിരിച്ചെടുത്ത് ജ്യേഷ്ഠനായ വലിയ മൂപ്പിൽ നായരെ രാജാവായി വാഴിക്കുകയും ചെയതതെന്ന് ചരിത്രം. വീണ്ടും സാമൂതിരി ആക്രമണത്തിന് ഒരുങ്ങവെ വേണാട്ട് രാജാവിനെ സമീപിച്ച് രക്ഷക്ക് ഉപയാം കണ്ടെത്തിയ കവളപ്പാറ സ്വരൂപത്തിനോട് പുത്തൻ കോവിലകം കൂറ് എന്ന് കൊട്ടാര മതിലിൽ മുദ്ര ചാർത്താൻ വേണാട്ട് രാജാവ് കല്പിച്ചു. തുടർന്നു പട നയിച്ച് എത്തിയ സാമൂതിരി കൂറ് പ്രഖ്യാപനം കണ്ട് പിൻ വാങ്ങിയെന്നും ചരിത്ര പെരുമ.
മൂപ്പിൽ നായർ ഒരു നല്ല കലാസ്വാദകാനായിരുന്നു. കലകളെയും കലാകാരൻമാരെയും പ്രോത്സാഹിപ്പിച്ചിരുന്നു. മാമാങ്കത്തിൽ വളരെ അഭിമാനത്തോടെ ഇവിടത്തെ നായർ പോരാളികൾ പങ്കെടുത്തിരുന്നു. ഇവിടത്തെ കഥകളി കോപ്പുകളാണ് കേരള കലാമണ്ഡലം തുടങ്ങാൻ വള്ളത്തോളിന് പ്രേരണയായത് എന്നാണ് പറയപ്പെടുന്നത്.
പ്രൗഢി മങ്ങിയ ഇപ്പോഴത്തെ കവളപ്പാറ കൊട്ടാരത്തിന്റെ അവസ്ഥ അതി ദയനീയമാണ്. ഏത് സമയവും പൊളിഞ്ഞു വീണേക്കാമെന്ന മട്ടിലാണ് ഇപ്പോൾ കൊട്ടാരത്തിന്റെ നിൽപ്പ്. ഒരു വലിയ ചരിത്രത്തിന്റെ ബാക്കി പത്രമാണ് ജീർണ്ണതയിൽ എത്തി നിൽക്കുന്നത്.
ഈ ചരിത്രപ്രാധാന്യമുള്ള കൊട്ടാര അവശേഷിപ്പുകൾ സംരക്ഷിക്കുന്നതിനുവേണ്ടി സർക്കാരും കോടതിയും മുന്നോട്ട് വന്നില്ലെങ്കിൽ പഴക്കമുള്ള ഈ അത്ഭുതം വെറും കേട്ട് കേൾവിയുള്ള കഥ മാത്രമായി മണ്മറയും. അങ്ങനെ ആവാതിരിയ്ക്കാൻ നമുക്ക് പ്രാർഥിക്കാം. വരും തലമുറകൾക്ക് വേണ്ടി ചരിത്രത്തിന്റെ അവശേഷിക്കുന്ന ഭാഗമെങ്കിലും ഈ ഭൂമുഖത്ത് ഉണ്ടായേ തീരൂ....
ചിത്രങ്ങൾക്ക് കടപ്പാട്: സോഷ്യൽ മീഡിയ



