കോട്ടയം: രാജ്യത്തെ ഏറ്റവും മികച്ച നഴ്സുമാർക്കുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് 2021 ന് കോട്ടയം കിടങ്ങൂർ സ്വദേശിനിയായ ഷീലാ റാണിയും കൊല്ലം ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് വൺ ആയ സൂസൻ ചാക്കോയും അർഹരായി.
കേരളത്തിൽ നിന്ന് ഈ അംഗീകാരം ആദ്യമായി ലഭിക്കുന്ന പാലിയേറ്റീവ് നേഴ്സാണ് കോട്ടയം കിടങ്ങൂർ സ്വദേശിനിയായ ഷീല റാണി. ആദ്യമായിട്ടാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നഴ്സുമാരെ ഈയൊരു അവാർഡിലേക്ക് പരിഗണിക്കുന്നത്. കൂടല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്സ് ഷീലാറാണിയെ പാലിയേറ്റീവ് മേഖലയിലെ മികച്ച സേവനം കണക്കിലെടുത്താണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
കൊല്ലം ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് വൺ ആയ സൂസൻ ചാക്കോയാണ് ദേശീയതലത്തിൽ ഏറ്റവും മികച്ച നഴ്സിനുള്ള അവാർഡ് നേടിയത്. കോവിഡ് പ്രതിസന്ധി മൂലമാണ് 2021 ലെ അവാർഡ് കഴിഞ്ഞ നഴ്സസ് ദിനത്തിൽ പ്രഖ്യാപിക്കാൻ കഴിയാതെ വന്നത്. ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജൻമ്മദിനമായ മെയ് 12-ന് അവാർഡുകൾ സമ്മാനിക്കും.