ശക്തമായ മഴയെത്തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ മംഗളഗിരി - മുപ്പതേക്കർ - ഒറ്റയീട്ടി റോഡ് തകർന്നു. തീക്കോയിൽ നിന്നും വാഗമണ്ണിലേയ്ക്കുള്ള സമാന്തര പാതയാണിത്.
വാഗമണ്ണിലേക്കുള്ള വിനോദസഞ്ചാരികളടക്കം ആശ്രയിക്കുന്ന പ്രധാന പാതയാണ് ഇത്. റോഡ് തകർന്നതോടെ ഈ മേഖലയിലുള്ള നിരവധി കുടുംബങ്ങളും യാത്രാദുരിതം അനുഭവിക്കുകയാണ്.
വാഗമണ്ണിലേയ്ക്കുള്ള വിനോദ സഞ്ചാരികൾ മാർമല അരുവി സന്ദർശിച്ച് മുപ്പതേക്കർ വഴി ഒറ്റയീട്ടിയിലെത്തിയാണ് സാധാരാമ പോകുന്നത്. കൂടുതൽ ആളുകൾ മുപ്പതേക്കർ -ഒറ്റയീട്ടി റോഡിനെ ആശ്രയിച്ച് തുടങ്ങിയതോടെ പൊതുമരാമത്ത് വകുപ്പ് ഇവിടെ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ഇവിടെ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതോടെ റോഡ് പൂർണമായും തകർന്നിരിയ്ക്കുകയാണ്. ഓടകളില്ലാത്തതിനാൽ വെള്ളം റോഡിലൂടെ കുത്തിയൊലിയ്ക്കുകയാണ്. മഴവെള്ളത്തിനൊപ്പം കഴിഞ്ഞ ദിവസത്തെ ഉരുൾപൊട്ടലിൽ ചെളിവെള്ളവും കല്ലുകളും ഒഴുകിയെത്തിയതോടെ റോഡിന്റെ പല ഭാഗങ്ങളും കലുങ്കുകളും തകർന്നു.
സമീപത്തെ പുരയിടങ്ങളിൽ നിന്നും റബ്ബർ തോട്ടങ്ങളിൽ നിന്നും പുരയിടങ്ങളിൽ നിന്നുമുള്ള വെള്ളം റോഡിലൂടെ ഒഴുകുകയാണ്. പതിവ് റീ ടാറിംഗും അറ്റക്കുറ്റപ്പണികളും മാത്രം നടത്താതെ ശാസ്ത്രീയമായ രീതിയിൽ ആധുനിക നിലവാരത്തിൽ ഓടകൾ കൂടി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉറവയുള്ള ഇടങ്ങളിൽ പേവിംഗ് ടൈൽ പതിപ്പിയ്ക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. ചെളിവെള്ളം കെട്ടി നിൽക്കുന്നതിനാൽ റോഡിലെ കുഴികൾ തിരിച്ചറിയാനും ഇപ്പോൾ കഴിയുന്നില്ല. മഴയ്ക്ക് ശമനമാകുന്നതോടെ വാഗമൺ ടൂറിസം വീണ്ടും സജീവമാകും. എന്നാൽ പ്രധാന റൂട്ടും സമാന്തരപാതയും ഒരുപോലെ തകർന്ന് കിടക്കുന്നത് യാത്രക്കാരെ ബൂദ്ധിമുട്ടിലാക്കും.








