Hot Posts

6/recent/ticker-posts

ചക്കാമ്പുഴയിൽ മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു; 25000 രൂപ പിഴയും അടപ്പിച്ചു


പാലാ - രാമപുരം റോഡിൽ ചക്കാമ്പുഴ നിരപ്പ് കണിയാകുളം വളവിൽ ഹെൽത്ത് സെന്ററിന് സമീപം മാലിന്യം തള്ളിയ സംഭവത്തിൽ കുറ്റക്കാരായവരെ കണ്ടെത്തിയ രാമപുരം ഗ്രാമപഞ്ചായത്ത് പ്രതികളെക്കൊണ്ടുതന്നെ മാലിന്യം തിരിച്ചെടുപ്പിച്ചു. 25000 രൂപ പിഴയും അടപ്പിച്ചു. ഒക്ടോബർ 8 ശനിയാഴ്ച അർദ്ധരാത്രിയ്ക്കാണ് ഈ ഭാഗത്ത് ഒരു ടോറസിൽ കൊള്ളുന്ന അത്രയും മാലിന്യം തള്ളിയത്. 


ചത്ത പൂച്ചയും ചീഞ്ഞളിഞ്ഞ പല മൃഗ അവശിഷ്ടങ്ങളും ഉൾപ്പെ‌ടെയുള്ളവ മാലിന്യത്തിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. അസഹ്യമായ ദുർഗ്ഗന്ധം സമീപവാസികളേയും കാൽനടയാത്രക്കാരേയും ബുദ്ധിമുട്ടിലാക്കിയിരുന്നു. തുടർന്ന് സമീപവാസികൾ രാമപുരം പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നൽകുകയായിരുന്നു. 


പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതരും പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും സംഭവസ്ഥലം പരിശോധിച്ച് റിപ്പോർട്ട് രേഖപ്പെടുത്തിയ ശേഷം പരാതി രാമപുരം പോലീസിന് കൈമാറി. പഞ്ചായത്ത് സെക്രട്ടറിയും പോലീസും ചേർന്ന് സംഭവ സ്ഥലത്തുള്ള സി സി ടി വികൾ പരിശോധിച്ച് ശനിയാഴ്ച അർദ്ധരാത്രി ഒരു ടോറസ് വന്നതായി മനസിലാക്കി. 


വ്യക്തമല്ലാത്ത രീതിയിൽ വാഹനത്തിന്റെ  നമ്പരും ലഭിച്ചിരുന്നു. മാലിന്യത്തിൽ നിന്നും ലഭിച്ച ഒരു എറ്റിഎം കാർഡ്, ദന്താശുപത്രിയിലെ ബില്ല്, ഹെൽത്ത് ഇൻഷ്വറൻസ് രസീത്, കൊറിയർ സർവ്വീസിന്റെ കവർ തുടങ്ങി പല രേഖകളും ലഭിച്ചിരുന്നു. കൊറിയർ സർവ്വീസിന്റെ കവറിൽ സാധനം ലഭിക്കേണ്ട ആളുടെ അഡ്രസ്സും ഫോൺ നമ്പരും ഉണ്ടായിരുന്നത് പ്രതികളെ കണ്ടെത്താൻ ഏറെ സഹായിച്ചു. 


കവറിലുണ്ടായിരുന്ന നമ്പരിലേയ്ക്ക് പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് വിളിച്ച്‌ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ഈ കവറും പ്ലാസ്റ്റിക് മാലിന്യങ്ങളും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ ഹരിത കർമ്മസേനയ്ക്ക് അവർ കൈമാറിയതാണെന്ന് അറിഞ്ഞത്. തുടർന്ന് പഞ്ചായത്ത് സെകട്ടറി മുനിസിപ്പൽ സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെട്ടു. 

തരം തിരിച്ചതും തിരിക്കാത്തതുമായ  വെയിസ്റ്റുകൾ പത്തനംതിട്ട സ്വദേശി ക്രിസ്റ്റഫർ ജോസഫിന്റെ സ്വകാര്യ ഏജൻസിയ്ക്ക് കരാർ വ്യവസ്ഥയിൽ  നൽകിയിട്ടുള്ളതാണെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. ടോറസിന്റെ നമ്പരും സെക്രട്ടറിയ്ക്ക് നൽകി. ഇന്നലെ (12.10.22) വൈകുന്നേരം 4 മണിയോടുകൂടി മറ്റൊരു ടോറസിൽ മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്യുവാനായി പ്രതികളുടെ ആളുകൾ സംഭവ സ്ഥലത്തെത്തി. സമീപവാസികൾ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും രാമപുരം പോലീസും സംഭവസ്ഥലത്തെത്തി. 25000 രൂപ പിഴയടപ്പിച്ച ശേഷം മാലിന്യം മുഴുവനും ടോറസിൽ കയറ്റിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു. 

രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, സെക്രട്ടറി മാർട്ടിൻ ജോർജ്ജ്, രാമപുരം പോലീസ് എസ് ഐമാരായ ജയൻ കെ ബി, ജോബി, വാർഡ് മെമ്പർ ആൽബിൻ അലക്സ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിന്ധു പി മറ്റം, ക്ലാർക്ക് ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് സംഭവസ്ഥലത്തെത്തി പ്രതികളെ പിടികൂടിയത്. പഞ്ചായത്ത് സെക്രട്ടി മാർട്ടിൻ ജോർജ്ജിന്റെയും രാമപുരം പോലീസിന്റേയും അവസരോചിതമായ ഇടപെടൽ നിമിത്തമാണ് പ്രതികളെ ഇത്ര വേഗം പിടികൂടാനായതെന്ന് സമീപവാസികൾ പറഞ്ഞു.

Reactions

MORE STORIES

പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം