പാലാ: സാമൂഹ്യ തിന്മകൾ വർദ്ധിച്ചു വരുന്ന ഇക്കാലത്ത് നിഷ്ക്രിയാത്മക നിലപാട് മാറ്റി നന്മയുടെ വക്താക്കളാവാൻ നമുക്കാവണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. മയക്കുമരുന്ന് ഉപയോഗം ഭീതിതമായ വിധം വർദ്ധിച്ചു വരുന്നതും വിദ്യാർത്ഥികളെ ലഹരി കെണിയിൽ പെടുത്തുന്ന സംഭവങ്ങളും ഏറെ ഗൗരവപൂർവ്വം കാണേണ്ടതാണന്നും ബിഷപ്പ് പറഞ്ഞു.
കേരള കാത്തലിക് ബിഷപ്പ് കോൺഫ്റൻസും കാരിത്താസ് ഇൻ ഡ്യയും സംയുക്തമായി കേരള സോഷ്യൽ സർവ്വീസ്‌ഫോറത്തിന്റെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നടപ്പിലാക്കുന്ന ലഹരി വിമുക്ത യജ്ഞമായ "സജീവ"ത്തിന്റെ രൂപതാതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
പാലാ അൽഫോൻസാ കോളജിൽ നടന്ന സമ്മേളനത്തിൽ കെ.എസ്.എസ്.എഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. പാലാ ഡി.വൈ.എസ്.പി എ ജെ തോമസ് , കോളജ് പ്രിൻസിപ്പൽ സി.ഡോ. റജീനാമ്മ ജോസഫ്, പി.എസ്.ഡബ്ളിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, മാതൃ വേദി രൂപതാ ഡയറക്ടർ ഫാ.ജോസഫ് നരിതൂക്കിൽ, എസ്.എം.വൈ.എം രൂപതാ ഡയറക്ടർ ഫാ.മാണി കൊഴുപ്പൻ കുറ്റി, ഫാ.ജോസഫ് പുലവയലിൽ, ഫാ.മാത്യു പുന്നത്താനത്തുകുന്നേൽ, ഡാന്റീസ് കൂനാനിക്കൽ, സിജി ലൂക്സൺ, സെൻജൂ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
വനിതാ ദിനത്തിന്റെ ഭാഗമായി "മയക്കുമരുന്നിനെതിരെ സ്ത്രീ ശക്തി " എന്ന മുദ്രാവാക്യവുമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മാതൃവേദി, എസ്.എം.വൈ.എം, ഡി സി.എം.എസ്, വനിതാ സ്വാശ്രയസംഘങ്ങൾ , കോളജ് വിദ്യാർത്ഥിനികൾ എന്നിവരുടെ സഹകരണത്തോടെ അൽഫോൻസാ കോളജ് അങ്കണത്തിൽ നിന്ന് ആരംഭിച്ച വനിതകളുടെ ഇരുചക്ര വാഹന റാലി ഡി.വൈ.എസ്.പി.എ ജെ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. ളാലം പള്ളി മൈതാനത്ത് വികാരി. ഫാ.ജോസഫ് തടത്തിലിന്റെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി.










