കാലവർഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റിലും മഴയിലും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി.
പാലക്കാട് വടക്കഞ്ചേരിയിൽ പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മ മരിച്ചു. പല്ലാറോഡ് സ്വദേശിനി തങ്കമണി (55) ആണ് മരിച്ചത്. ഒരാൾക്ക് പരുക്കേറ്റു. എടത്വ പാലത്തിന്റെ താഴെനിന്ന മരം കടപുഴകി പാലത്തിലേക്കു വീണ് ബൈക്ക് യാത്രികൻ സാജുവിന് പരുക്കേറ്റു. കൂടെ യാത്ര ചെയ്യുകയായിരുന്ന മകൾ മിഷേൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കൊച്ചി പാലാരിവട്ടത്ത് മരം വീണ് രണ്ടു ബൈക്ക് യാത്രികർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളം കയറി. കൊല്ലത്തും വ്യാപക നാശനഷ്ടമുണ്ടായി.
ചെങ്കോട്ട റെയിൽപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പുനലൂർ- കൊല്ലം, കൊല്ലം- പുനലൂർ മെമു സർവീസുകൾ റദ്ദാക്കി. കുണ്ടറയിലും പുനലൂരും മരം വീണ് വീടുകൾ തകർന്നു.
എറണാകുളം ഞാറക്കൽ വെളിയത്താംപറമ്പിൽ കടലാക്രമണം രൂക്ഷമായി. ഇരുന്നൂറിലധികം വീടുകളിൽ വെള്ളം കയറി. ചെല്ലാനം, പുത്തൻതോട്, ചെറിയകടവ്, കണ്ണമാലി മേഖലകളിലും കടൽക്ഷേഭമുണ്ട്.
മലപ്പുറം പൊന്നാനിയിൽ കടൽക്ഷോഭത്തെ തുടർന്നു 20 വീടുകളിൽ വെള്ളം കയറി. പത്തനംതിട്ട വെണ്ണിക്കുളത്ത് ഇടത്തല കോളനിയിൽ മണിമലയാർ കരകവിഞ്ഞു നാലു വീടുകളിൽ വെള്ളം കയറി.
മഴ ശക്തമായതോടെ ആലപ്പുഴ ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കാളികുളത്ത് തെങ്ങ് വീണ് കട തകര്‍ന്നു. കണിച്ചുകുളങ്ങരയില്‍ വൈദ്യുതി ലൈനുകള്‍ക്ക് നാശമുണ്ടായി.
തിരുവനന്തപുരം മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ വള്ളം മറിഞ്ഞു. മൂന്നു തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. വള്ളം ഒഴുകിപ്പോയി. കോട്ടയം വൈക്കം തോട്ടുവക്കത്ത് മരം ഒടിഞ്ഞുവീണ് സൈക്കിൾ യാത്രികനു പരുക്കേറ്റു. വെച്ചൂരിൽ വീട് ഇടിഞ്ഞു വീണു, ആർക്കും പരുക്കില്ല.
പത്തനംതിട്ട മണിയാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ 70 സെ.മീ വീതം ഉയർത്തി. അരയാഞ്ഞിലിമൺ, കുറുമ്പൻമൂഴി കോസ്‌വേകൾ മുങ്ങി. കോട്ടാങ്ങലിൽ കിണർ ഇടിഞ്ഞു താഴ്ന്നു. നിരണത്ത് ശക്തമായ കാറ്റിൽ തെങ്ങ് വീണ് നിരണം സ്വദേശിയ ഷാജിയുടെ പശു ചത്തു. മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നു.
കല്ലൂപ്പാറ, പുല്ലകയാർ ഭാഗങ്ങളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. തിരുവല്ല പെരിങ്ങരയിൽ ആൽമരത്തിന്റെ ചില്ല ഒടിഞ്ഞ് രണ്ടു കാറുകൾക്ക് കേടുപാടു പറ്റി. പെരിങ്ങര ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപമാണ് അപകടം. ഏനാദിമംഗലത്ത് തേക്ക് കടപുഴകി ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫിസിനു സമീപം മരം കടപുഴകി വീണു.
ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 4 ദിവസം ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതീവ ജാഗ്രതപാലിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നൽകി.