ന്യൂഡല്‍ഹി: രാജ്യം ലോക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ തുറക്കുമെന്ന് സൂചനകള്‍. ഗ്രീന്‍ സോണുകള്‍ പൂര്‍ണമായും തുറക്കും. പ്രധാനമന്ത്രി ആവശ്യപ്പെട്ട സംസ്ഥാനങ്ങളുടെ ബ്ലൂപ്രിന്റിന്റെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പൊതുഗതാഗത സര്‍വീസുകളുടെ അതിര്‍ത്തികള്‍ നിശ്ചയിക്കുന്നത്. ഹോട്ട്സ്പോട്ടുകള്‍ അല്ലാത്തയിടങ്ങളില്‍ ലോക്കല്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവാദമുണ്ടാകും. പക്ഷെ ബസ്സുകളില്‍ നിശ്ചിത സംഖ്യയില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. ഓട്ടോകളും ടാക്സികളും ഓടാന്‍ അനുവാദമുണ്ടാകും.
ലോക്ഡൗണ്‍ ഇളവുകളുടെ കാര്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ന്യായമെന്നാണ് കേന്ദ്രം കരുതുന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിക്കും. പൊതുഗതാഗതവും റസ്റ്ററന്റുകള്‍ തുറക്കുന്നതും പരിഗണനയില്‍ ഉണ്ട്. ആഭ്യന്തര വിമാനസര്‍വീസ് തുടങ്ങും, പ്രത്യേക ട്രെയിനുകളും കൂടുതല്‍ ഓടിക്കും. ഇന്ന് ചേരുന്ന യോഗത്തിലാകും ഈകാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത്.
അതേസമയം കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കും. നിലവില്‍ രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഇനിയും നീളും.
