Hot Posts

6/recent/ticker-posts

മുഖക്കുരു ഒരു വില്ലനല്ല...അറിയേണ്ടതെല്ലാം...



ഒരു പാടുപോലുമില്ലാത്ത നമ്മുടെ മുഖത്ത് ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ ഒരു ചെറിയ മുഖക്കുരു...അത് ഒന്നല്ലെങ്കിലോ? ഒന്നും പറയേണ്ട....അത് എങ്ങനെ മാറ്റാം എന്നുള്ള വലിയ ഒരു പരീക്ഷണത്തിലായിരിക്കും ഒട്ടുമിക്കയാളുകളും. പിന്നെ പരസ്യങ്ങളിലെ ക്രീമുകളായിട്ടും, വീട്ടില്‍ നിന്നുള്ള പൊടികൈകളായിട്ടും പരീക്ഷണങ്ങളോട് പരീക്ഷണം തന്നെയായിരിക്കും. അത് ഒന്ന് പോകാതെ ഒരു സമാധാനവും കിട്ടില്ല എന്നതാണ് സത്യം.

കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്കു കടക്കുമ്പോള്‍ ഉണ്ടാകുന്ന ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലം ഉണ്ടാകുന്ന കുരുവാണ് മുഖക്കുരു. പ്രായഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു 14 മുതല്‍ 40 വയസ്സുവരെയുള്ള വ്യക്തികളെ കൂടുതലായി ബാധിക്കുന്നു. കവിളുകളിലും മുഖത്തും കറുത്തതോ വെളുത്തതോ ആയ അഗ്രവുമായി ചുവന്നുതുടുത്തു കാണുന്ന ചെറിയ കുരുക്കള്‍ മുതല്‍ കൂടുതല്‍ വലിയ മുഴകളുടെയും വീക്കത്തിന്റെയും രൂപത്തില്‍ വരെ കാണപ്പെടുന്നവയെ മുഖക്കുരു എന്നു വിശേഷിപ്പിക്കുന്നു. കവിളുകളില്‍, കഴുത്തില്‍, നെഞ്ചത്ത്, മുതുകില്‍, തോള്‍ഭാഗത്ത് എന്നുവേണ്ട കൈകളുടെ പുറത്തുവരെ ഇതിന്റെ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

എണ്ണമയമുള്ള ചര്‍മ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. മുഖത്തെ രോമകൂപങ്ങള്‍ക്കിടയില്‍ അഴുക്കു നിറയുന്നതുകൊണ്ടും മുഖത്ത് ഈര്‍പ്പം നിലനിര്‍ത്തുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തകരാറുകള്‍ക്കൊണ്ടും അണുബാധകൊണ്ടും മുഖക്കുരു ഉണ്ടാകാം. ശരീരത്തിലെ ആന്‍ഡ്രജന്‍ ഹോര്‍മോണുകള്‍ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് വലുതാക്കുകയും അവയില്‍ നിന്ന് സെബം എന്നറിയപ്പെടുന്ന എണ്ണമയമുള്ള വസ്തു ഉല്പാദിപ്പിക്കുകയും ചെയ്യുന്നതാണ് മുഖക്കുരുവിന് കാരണമാകുന്നത്. ഈ മാറ്റത്തിന് അനുസൃതമായി ചര്‍മ്മത്തിന്റെ ആവരണങ്ങളിലും സെബേഷ്യസ് ഗ്രന്ഥികളുമായി ചേര്‍ന്നിരിക്കുന്ന രോമകൂപങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാവും. 



രോമകൂപങ്ങളുടെ ഭാഗമായ കോശങ്ങള്‍ വളരെ വേഗം കൂട്ടത്തോടെ മൃതമായി അടരുകയും ചെയ്യും. ഈ മൃതകോശങ്ങളും സെബവും ചേര്‍ന്ന് കട്ടപിടിക്കുകയും ചെറിയ കുരുക്കളായി മാറുകയും ചെയ്യും. ചര്‍മ്മത്തില്‍ സാധാരണമായി കാണപ്പെടുന്ന പ്രൊപിനോ ബാക്ടീരിയ ആക്‌നേസ് (പി. ആക്‌നെ) കട്ടപിടിച്ച രോമകൂപങ്ങളിലേക്ക് ചേക്കേറുകയും വളര്‍ന്ന് പെരുകാന്‍ തുടങ്ങുകയും ചെയ്യുന്നതോടെ മുഖക്കുരു രൂപമെടുക്കും. ഇത് ഉണ്ടാകുന്നതിനും ഗുരുതരമാവുന്നതിനും എന്താണ് കാരണമെന്നതിന് വ്യക്തമല്ല. മുഖക്കുരു ഉണ്ടാവുന്ന അതേ കാരണങ്ങള്‍കൊണ്ടു തന്നെയാണു താരനും വരുന്നത്. എന്നാല്‍ താരന്‍ കാരണം മുഖക്കുരു വരില്ല.

മുഖക്കുരു ചികിത്സിക്കേണ്ടതുണ്ടോ എന്ന് എല്ലാവര്‍ക്കും സംശയമുള്ള ഒരു കാര്യമാണ്. ലോകാരോഗ്യ സംഘടനയുടെ പട്ടിക പ്രകാരം മുഖക്കുരു ഒരു ക്രോണിക്ക് ഡിസീസ് ആണ്. അതായത് ദീര്‍ഘകാലം നിലനില്‍ക്കുന്ന രോഗം. ഈ മുഖക്കുര നിത്യജീവിതത്തെ, ബന്ധങ്ങളെ,ജോലിയെ ബാധിക്കുന്ന തരത്തില്‍ തീവ്രമാവുകയാണെങ്കില്‍ ചികിത്സ തേടാവുന്നതാണ്. ചികിത്സ തേടുന്നത് മുഖക്കുരുവിന് അനന്തരഫലമായി ഉണ്ടാവുന്ന പാടുകളും കുഴികളും ഇല്ലാതാക്കാന്‍ സഹായിക്കും. 



മുഖക്കുരുവിന്റെ തീവ്രത, രോഗിയുടെ ചര്‍മത്തിന്റെ പ്രത്യേകത, ജീവിതശൈലി എന്നിവ പരിഗണിച്ചാണ് മുഖക്കുരുവിന്റെ ചികിത്സ നിര്‍ണയിക്കുന്നത്. സ്റ്റേജ് അടിസ്ഥാനപ്പെടുത്തിയാ് ചികിത്സ. പ്രധാനമായും നാല് സ്റ്റേജുകളാണ് മുഖക്കുരുവിന്റെ ചികിത്സയ്ക്ക് ഉള്ളത്. ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യഘട്ടം. പിന്നീട് അത് ചുവന്ന തടിപ്പുകളായും പഴുപ്പു നിറഞ്ഞ വലിയ കുരുക്കളായും പൊട്ടി പാടുകള്‍ ഉണ്ടാവുന്ന തരത്തിലേക്ക് മാറുകയും ചെയ്യുന്നു. 

ആദ്യ സ്റ്റേജുകളിലെ മുഖക്കുരു പുരട്ടുന്ന ക്രീമുകള്‍ കൊണ്ട് തന്നെ ഭേദമാക്കാം. എന്നാല്‍ മുഖക്കുരു അവസാന സ്റ്റേജുകളിലേക്കെത്തുമ്പോള്‍ അകത്തേക്ക് കഴിക്കേണ്ട മരുന്നുകളുടെ സഹായത്തോടെ മാത്രമേ ഭേദമാക്കാന്‍ സാധിക്കുകയുള്ളൂ. ആന്റി ബയോട്ടിക്, ആന്റി ആന്‍ഡ്രിജന്‍ തുടങ്ങിയവ ഈ മരുന്നുകളില്‍ ഉള്‍പ്പെടുന്നു. ദീര്‍ഘകാലത്തേക്ക് തന്നെ മുഖക്കുരുവിന് ചികിത്സ വേണ്ടിവന്നേക്കാം. ഒരിക്കലും സ്വയം ചികിത്സ അരുത്.  

മുഖക്കുരു ചികിത്സയ്ക്ക് പ്രാഥമിക ഘട്ടത്തില്‍ ക്രീമുകളും ഗുളികകളുമാണ് നല്‍കുന്നത്. എന്നാല്‍ മുഖക്കുരുവിന്റെ തീവ്രത അനുസരിച്ച് ചികിത്സാ രീതി മാറിയേക്കാം. മൈക്രോ നീഡിലിങ്, പിഗ്മെന്റേഷന്‍, ലവേസര്‍ ട്രീറ്റ്മെന്റ്, ടിസിഎ തുടങ്ങിയ ചികിത്സകളും മുഖക്കുരുവിനുണ്ട്. 



30 മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകളിലും മുഖക്കുരു കണ്ടുവരാറുണ്ട്. ജീവിതരീതി, ഭക്ഷണക്രമം എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഇതുകൂടാതെ പിസിഒഡി, തൈറോയിഡ് പ്രശ്നങ്ങള്‍, ഹോര്‍മോണല്‍ വ്യതിയാനങ്ങള്‍ എന്നിവ മുഖക്കുരു ഉണ്ടാക്കുന്നതിന് കാരണമാവാം. ഹോര്‍മോണല്‍ പ്രശ്നമുള്ള മുഖക്കുരുവിനൊപ്പം അമിത രോമവളര്‍ച്ച, മുടികൊഴിച്ചല്‍, താരന്‍, കഴുത്തിനു ചുറ്റുമുള്ള കറുത്ത നിറം. ആര്‍ത്തവക്രമം തെറ്റല്‍, എന്നിവയും ഉണ്ടായേക്കാം. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ചികിത്സിക്കുന്നതാണ് നല്ലത്. 

മുഖക്കുരു ഉള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്. മുഖക്കുരു പൊട്ടിക്കരുത്, കൈകൊണ്ട് തൊട്ടു കളിക്കരുത്, മുഖക്കുരുവിന് സ്വയം ചികിത്സ അരുത്, അമിതവണ്ണമുണ്ടാക്കുന്ന തരത്തിലുള്ള ഭക്ഷണക്രമം തീര്‍ച്ചയായും മുഖക്കുരിവിനു കാരണമാകുന്നു, പാലും പാലുത്പന്നങ്ങളും മുഖക്കുരു കൂട്ടും, ശരീരത്തിലെ ഷുഗറിന്റെ അളവ് കൂട്ടുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ (മധുര പലഹാരങ്ങള്‍, ചോക്ലേറ്റ്. പോപ്പ്കോണ്‍)തുടങ്ങിയവ മുഖക്കുരു കൂട്ടിയേക്കാം.



മുഖക്കുരു മാറ്റാന്‍ വിപണിയില്‍ ലഭിക്കുന്ന ക്രീമുകള്‍ നല്ലതാണോ എന്ന് എല്ലാവര്‍ക്കും സംശയമുള്ള ഒരു കാര്യമാണ്. മുഖക്കുരുവിന് പരമാവധി ശാസ്ത്രീയ ചികിത്സ തേടുന്നതാണ് നല്ലത്. മുഖക്കുരു മാറ്റുന്ന എന്നവകാശപ്പെട്ട് മാര്‍ക്കറ്റില്‍ ലഭിക്കുന്ന മിക്ക ക്രീമുകളിലും സ്റ്റിറോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു വര്‍ധിപ്പിക്കുന്നതിന് കാരണമാവുന്നു. അമിതമായ കോസ്മെറ്റിക് ഉപയോഗം മുഖക്കുരു കൂട്ടാം. ക്രീമി ക്രീമുകള്‍ ഉപയോഗിക്കാനാണ് ശ്രദ്ധിക്കേണ്ടത്. 


ഇതാ മുഖക്കുരു ഒഴിവാക്കാന്‍ ചില എളുപ്പവഴികള്‍.

1, ഏറ്റവും പ്രധാനം ചര്‍മ്മ സംരക്ഷണമാണ്. എല്ലാ ദിവസവും ഏതെങ്കിലും വീര്യം കുറഞ്ഞ ഫേയ്സ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. മുഖം കഴുകാന്‍ ആരിവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ടുദിവസം സ്‌ക്രബ് ഉപയോഗിച്ച് മൃദുകോശങ്ങള്‍ നീക്കം ചെയ്യാം. എന്നും മോസ്ച്ചറയിസിങ്ങ് ക്രീം ഉപയോഗിക്കുന്നതും നല്ലതാണ്.

2, ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ചത് മുഖക്കുരുവില്‍ ഉരസുക. ഇതിലെ സിട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്റ്റിരിയയെ നീക്കാന്‍ സഹായിക്കും. ശേഷം പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും സണ്‍ക്രിം ലോഷന്‍ ഉപയോഗിക്കണം.

3, ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി 10 മിനിറ്റ് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

4, മുഖം ഐസ് ഉപയോഗിച്ച് കഴുകുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. മുഖക്കുരു മാത്രമല്ല ചൂടുകുരുവിനും ഈ വിദ്യ നല്ലതാണ്.



5, തേന്‍ ഒരു ബാക്റ്റീരിയ നാശിനിയാണ്. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് അല്‍പം തേന്‍ മുഖത്ത് പുരട്ടുകയും ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുകയും ചെയ്യുക.

6, മുഖത്തെ എണ്ണമയം കുറയ്ക്കാനായി ശര്‍ക്കര തേക്കുന്നതും നല്ലതാണ്. മാസത്തില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യാം.

7, പുതിന നീരോ പുതിന എണ്ണയോ മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

8, തേന്‍, കറുവാപ്പട്ട, ജാതിക്ക എന്നിവ ചേര്‍ത്ത് പേസ്റ്റുണ്ടാക്കി 30 മിനിറ്റ് മുഖത്ത് പുരട്ടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

9, പഞ്ചസാരയുടെയും എണ്ണയുടെയും ഉപയോഗം കുറച്ച് പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കുക.

10, ദിവസവും എട്ട് ഗ്ലാസ്സില്‍ കുറയാതെ വെള്ളം കുടിക്കുക.





Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്