ചങ്ങനാശേരി: സുകുവിന് എണീറ്റു നടക്കണം, മക്കളെ പഠിപ്പിക്കണം, വീട് പണി പൂർത്തിയാക്കണം...ഇനിയും പൂർത്തിയാകാത്ത തന്റെ ചികിത്സക്കിടയിലും സുകുവിന്റെ സ്വപ്നമിതാണ്. ചെറുതായ് വന്ന പനി തന്റെ ജീവിതത്തെ അടിമുടി തകർത്ത് കളഞ്ഞ ആഘാതത്തിലാണ് മല്ലപ്പള്ളി ആനിക്കാട് വിലങ്ങ്പാറ വീട്ടിൽ വി എൻ സുകു (54) വും കുടുംബവും. ചെറിയ പനിയായി വന്ന ഡെങ്കിപനിയിൽ നിന്നും സുകുവിന്റെ ശരീരം പിന്നീട് മറ്റ് രോഗങ്ങളുടെ പിടിയിൽ അകപ്പെടുകയായിരുന്നു. രോഗം മൂർച്ഛിച്ഛത്തോടെ ശരീരത്തിലെ പ്രധാന ഭാഗങ്ങളായ ഹാർട്ട്, ലിവർ, കിഡ്നി എന്നിവയെ ബാധിക്കുകയും ചെയ്തു. കൂനിൻന്മേൽ കുരുഎന്ന പോലെ കൂടെ ഹൃദയാഘാതവും. ഇതോടെ സുകുവിന്റെ നില വഷളാകുകയും ചെയ്തു. വെന്റിലേറ്റർ സൗകര്യം ഇല്ലാതെ ജീവൻ നിലനിർത്താൻ കഴിയില്ല എന്ന സ്ഥിതിയിലായി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതും വെന്റിലേറ്റർ സൗകര്യം ലഭിക്കാതാകുകയും ചെയ്തതോടെ, അധികൃതരുടെ നിർദേശപ്രകാരം വെന്റിലേറ്റർ സൗകര്യം ലഭ്യമായുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റേണ്ടി വന്നു. ഒന്നരമാസം പൂർണ്ണമായും ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞു. ഇതിനിടയിൽ തൊണ്ടയിൽ സർജറി നടത്തുകയും ചെയ്തു.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സുകുവിന്റെ കുടുംബത്തിന് സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് താങ്ങാവുന്നതിനും അധികമായിരുന്നു.
പത്തര ലക്ഷം രൂപ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കായി ചെലവായി. ഈ തുക കണ്ടെത്തുന്നതിനുള്ള പ്രയാസത്തിലാണ് സുകുവിന്റെ കുടുംബം. പലരിൽ നിന്നും കടംവാങ്ങിയും ബന്ധുക്കളുടെ കാരുണ്യത്തിലുമാണ് ഇതുവരെ ചികിത്സ മുന്നോട്ടുകൊണ്ടുപോയത്. നാലുമാസം കൂടെ ചികിത്സ തുടർന്നാൽ മാത്രമേ സുകുവിന് എഴുന്നേറ്റ് നടക്കാൻ സാധിക്കുകയുള്ളൂ. സ്വന്തമായി വീടില്ലാത്തതിനാൽ പഞ്ചായത്തിൽ നിന്നും വീടിനായി അനുവദിച്ച തുകയും ചികിത്സയുടെ ആവശ്യത്തിനായി എടുക്കേണ്ടി വന്നു. ഇതോടെ വീടിന്റെ നിർമ്മാണവും പാതിവഴിയിലായി.
സ്വയം തൊഴിലിനായി എടുത്ത ലോൺ തുക കൊണ്ട് തൊഴിൽ സംരംഭം തുടങ്ങുവാൻ സാധിക്കാതെ വന്നതും തിരിച്ചടക്കാൻ കഴിയാതെ വന്നതോടെയും പാതിവഴിയിലായ വീട് ജപ്തി നടപടിയിലാണ്. കിടപ്പാടം ഇല്ലാത്തതിനാൽ ബന്ധുവീട്ടിലാണ് രണ്ട് കുട്ടികളും ഭാര്യയുമായി അഭയം പ്രാപിച്ചിരിക്കുന്നത്.
ആശുപത്രിയിൽ കിടന്നുള്ള ചികിത്സ തുടർന്നാൽ ബിൽ തുക വർധിക്കുന്നതിനാൽ അടയ്ക്കേണ്ട തുകയുടെ കാൽ ഭാഗം മാത്രം അടച്ചശേഷം ആശുപത്രിയുമായി എഗ്രിമെന്റ് ചെയ്തശേഷമാണ് ഡിസ്ചാർജ് അനുവദിച്ചത്. ഏഴാ ക്ലാസിൽ പഠിക്കുന്ന മകനും ആറാം ക്ലാസിൽ പഠിക്കുന്ന മകളും ഭാര്യ ഗീതയും അടങ്ങുന്ന സുകുവിന്റെ കുടുംബത്തിന് മുന്നോട്ടുള്ള ജീവിതത്തിനും ചികിത്സയ്ക്കുമായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു.
ബാങ്ക് ഡിറ്റെയ്ൽസ്
പേര് : ഗീത സുകു
ബാങ്ക് : കാത്തലിക് സിറിയൻ ബാങ്ക്
ബ്രാഞ്ച് : പുന്നവേലി
അക്കൗണ്ട് നമ്പർ: 0170-03330556190701
ഐ എഫ് സി : CSBK0000170
ഫോൺ : 7902549760.

