ന്യൂഡൽഹി: അരുണാചൽപ്രദേശിലെ സുബസിരി ജില്ലയിൽ നിന്ന് ചൈനീസ് സൈന്യം അഞ്ചു പേരെ തട്ടിക്കൊണ്ട് പോയതായി കോൺഗ്രസ് എംഎൽഎ നിനോങ് ഇറിങ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
തട്ടിക്കൊണ്ടുപോയ ഗ്രാമീണരുടെ പേരും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ ആളുടെ സഹോദരൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സഹിതമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാൽ എപ്പോഴാണ് തട്ടിക്കൊണ്ട് പോയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചൈനയ്ക്കും ചൈനീസ് സൈന്യത്തിനും ഉചിതമായ മറുപടി നൽകണമെന്നും മാസങ്ങൾക്കു മുൻപ് സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.
അതിർത്തിയിൽ സംഘർഷം ലഘൂകരിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചൈനീസ് അധികൃതരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരിക്കെയാണ് പുതിയ ആരോപണവുമായ് നിനോങ് ഇറിങ് രംഗത്ത് വന്നത്.
