ശ്രീനഗർ: ജമ്മു അതിർത്തിയിൽ ഉണ്ടായ പാകിസ്താൻ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസ് ആണ് മരിച്ചത്. മേജർ ഉൾപ്പടെ മൂന്നു സൈനികർക്ക് പരിക്കേറ്റു. നൗഷാര സെക്ടറിലെ സുന്ദർബനിലാണ് സംഭവം.
പെട്രോളിങ്ങിനിടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഷെല്ലാക്രമണം നടന്നതെന്നാണ് വിവരം. സംഭവത്തിൽ തിരിച്ചടി നൽകിയെന്ന് സേന വക്താവ് അറിയിച്ചു. രാഷ്ട്രീയ റൈഫിൾസിന്റെ ഭാഗമായാണ് അനീഷ് ജമ്മു കശ്മീരിൽ എത്തിയത്. 16 വർഷമായി സൈനിക സേവനം നിർവഹിച്ചുവരികയായിരുന്നു ഈ മാസം 25ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.
സംഭവസ്ഥലത്തുനിന്ന് ഭൗതികശരീരം ഡൽഹയിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. ഡൽഹിയിൽനിന്ന് വിമാനമാർഗം നാളെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെനിന്ന് വിലാപയാത്രയായി സ്വദേശമായ കടക്കലിൽ എത്തിക്കും.
കടയ്ക്കൽ സ്വദേശിയായ തോമസ്- അമ്മിണി ദമ്പതികളുടെ മകനാണ് അനീഷ് തോമസ്. ഭാര്യയും ആറു വയസ്സുള്ള മകളുമുണ്ട്.
