ന്യൂഡൽഹി: അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളിൽ സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നതു മരണസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നു പഠനം. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ബുധനാഴ്ച പുറത്തിറക്കിയ ജേണലിലാണ് ഇതുമായ് ബന്ധപ്പെട്ടുള്ള വിവരമുള്ളത്. വിലകുറഞ്ഞ മരുന്നാണെങ്കിലും മികച്ച സുരക്ഷയാണു സ്റ്റിറോയ്ഡുകൾ നൽകുന്നതെന്നാണു കണ്ടെത്തൽ. ഓക്സ്ഫഡ് സർവകലാശാലയിലാണു ഭൂരിഭാഗം പഠനങ്ങളും നടന്നത്. എന്നാൽ, ഗുരുതരമല്ലാത്ത കോവിഡ് രോഗികളിൽ സ്റ്റിറോയ്ഡുകൾ ഫലപ്രദമല്ലെന്നു മാത്രമല്ല ദോഷകരമാണെന്നും പഠനത്തിൽ പറയുന്നു.
ഹൈഡ്രോകോർട്ടിസോൺ, ഡെക്സാമെതസോൺ, മെത്തിലിൽപ്രെഡ്നിസലോൺ എന്നിവയുടെ ഏഴു രാജ്യാന്തര പരീക്ഷണങ്ങൾ അടിസ്ഥാനമാക്കിയാണു ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിലായിരുന്നു ഈ സ്റ്റിറോയ്ഡുകൾ പ്രയോഗിച്ചത്. അവരുടെ മരണസാധ്യത 20 ശതമാനം വരെ കുറയുന്നു എന്നാണു കണ്ടെത്തൽ. സ്റ്റിറോയ്ഡ് ചികിത്സ ലഭിച്ചവരിൽ 68 ശതമാനം പേർ അതിജീവിക്കുന്നതായും കണ്ടെത്തി.
പഠനഫലം കൂടുതൽ അവസരങ്ങൾ തുറന്നു തന്നിരിക്കുകയാണെന്ന് പഠനങ്ങളിലൊന്നിന് നേതൃത്വം നൽകിയ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഡോ. മാർട്ടിൻ ലാൻഡ്രേ പറഞ്ഞു. പഠനഫലം ഒരുപാട് ചുവടുകൾ മുന്നോട്ട് എത്തിച്ചതായും എന്നാൽ മതിപ്പുതോന്നുന്ന കണ്ടെത്തലാണെന്നും ലണ്ടനിലെ ഇംപീരിയൽ കോളജിലെ ഡോ. അന്തോണി ഗോർഡൻ അഭിപ്രായപ്പെട്ടു. അതേസമയം ഇത് രോഗം പൂർണമായും ഭേദപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
