മുംബൈ: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി റിയ ചക്രവർത്തിക്ക് ബന്ധമുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ.റിയ മയക്കുമരുന്ന് വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പറയുന്നു. നടിയുടെ വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് റിയ ചക്രവർത്തിക്ക് എൻസിബി നോട്ടീസ് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഹാജരാകണമെന്നാണ് റിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. റിയയുടെ സഹോദരൻ ഷൗവിക്കിനെയും സുശാന്ത് സിംഗിൻറെ മാനേജർ സാമുവൽ മിറാണ്ടയേയും ഇന്നലെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലിനു ശേഷമാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. ബോളിവുഡ് നടൻ സുശാന്ത് സിംഗിൻറെ മരണവുമായി ബന്ധപ്പെട്ടാണ് റിയ ചക്രവർത്തിക്കെതിരായ അന്വേഷണം ആരംഭിച്ചത്. റിയയുടെ വീട്ടിൽ കഴിഞ്ഞ ദിവസം എൻസിബി റെയ്ഡ് നടത്തിയിരുന്നു.
