ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമണ്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി പി.സി. ജോര്‍ജ്ജ് എം.എല്‍.എ അറിയിച്ചു. കിഫ്ബിയും, നിര്‍വ്വഹണ ഏജന്‍സിയായ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയും നടത്തിയ സംയുക്ത പരിശോധനയില്‍ ടാറിംഗ് പ്രവര്‍ത്തിക്കുള്ള വീതി ലഭ്യമായതിനാല്‍ ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടികളിലേയ്ക്ക് കടക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമ ഉത്തരവ് 30-11-2020-ല്‍ കിഫ്ബിയില്‍ നിന്നും നിര്‍വ്വഹണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ട്.
കിഫ്ബിയില്‍ നിന്നും ആദ്യം അനുവദിക്കപ്പെട്ട റോഡുകളിലൊന്നായ ഈരാറ്റുപേട്ട - വാഗമണ്‍ റോഡിന്റെ നിര്‍മ്മാണം വൈകുന്നത് ചൂണ്ടിക്കാട്ടി പി.സി. ജോര്‍ജ്ജ് എം.എല്‍.എ. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കു നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നതതലയോഗം ചേരുകയും ധ്രുതഗതിയില്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനും തീരുമാനം എടുക്കുകയായിരുന്നു. 66 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിയ്ക്ക് ലഭിച്ചിരിക്കുന്നത്. സമാന്തരമായി സ്ഥലമേറ്റടുപ്പ് നടപടികളും പൂര്‍ത്തിയാക്കും. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ ടൂറിസം പാതയായി ഈ റോഡ് മാറുമെന്നും പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അറിയിച്ചു.
