ഈരാറ്റുപേട്ട ടൗണിൽ വിവിധ സ്ഥാപനങ്ങളിൽ മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. ഈരാറ്റുപേട്ട കടുവാമുഴി കോട്ടയിൽ വീട്ടിൽ ദിലീഫ് മകൻ ഫുറൂസ് ദിലീഫ് (28) ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്.
ഇയാൾ ഈരാറ്റുപേട്ട ടൗണിൽ സ്ഥിതിചെയ്യുന്ന ഹിറാ ബുക്ക് സ്റ്റാളിൽ നിന്നും 17000 രൂപയും, സക്കറിയ ടയേഴ്സ് എന്ന കടയിൽ നിന്നും 34000 രൂപയും, ഇരുപതിനായിരം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും, തുഷാർ മൊബൈൽ ഷോപ്പിൽ നിന്നും 7 മൊബൈൽ ഫോണുകളും 7000 രൂപയും വിവിധ ദിവസങ്ങളിലായി മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.
പോലീസിന്റെ ശാസ്ത്രീയ പരിശോധനയില്‍ പ്രതി മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ സൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ചിരുന്നത് ഈരാറ്റുപേട്ടയില്‍ ഫ്രൂട്ട്സ് കട നടത്തുന്ന റിലീസ് മുഹമ്മദിനെയാണെന്ന് കണ്ടെത്തുകയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.തുടർന്നുള്ള അന്വേഷണത്തിൽ ഫുറൂസ് ദിലീഫിനെ അന്വേഷണസംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടുകയായിരുന്നു.