ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് അപകടത്തിൽ പെട്ടു. ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. ബസിലുണ്ടായിരുന്ന യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
പിറവം കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഇടിച്ചുകയറി അപകടം നടന്ന സ്ഥലത്തെ ഒരു ചായക്കട പൂർണമായി തകർന്നു. കടയിൽ ആളില്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി.
ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് സന്നിവാതത്തിന്റെ അസ്വസ്ഥത ഉണ്ടായെന്നാണ് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു.
37 വയസുകാരനായ ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.










