കോട്ടയം ജില്ലയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതുന്നത് 18,924 വിദ്യാർഥികൾ ( 9494 ആൺകുട്ടികൾ, 9430 പെൺകുട്ടികൾ). 255 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഈ മാസം 9 മുതൽ 29 വരെയാണു പരീക്ഷ.
ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഇത്തവണയും കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് മുന്നിൽ.
375 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് കുട്ടികൾ ഏറ്റുമാനൂർ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലും വാഴപ്പള്ളി ഗവൺമെന്റ് ഹൈസ്കൂളിലുമാണ് – ഇവിടങ്ങളിൽ 5 പേർ മാത്രമാണുള്ളത്.
ഇതേസമയം കഴിഞ്ഞ വർഷത്തെ നേട്ടം ആവർത്തിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം 19,452 പേർ പരീക്ഷ എഴുതി; ഇവരിൽ 19,393 പേർ ഉപരിപഠനത്തിന് അർഹത നേടി; വിജയശതമാനം : 99.697. ഫുൾ എ പ്ലസുമായി 1843 കുട്ടികൾ വിജയിച്ചു. 216 സ്കൂളുകൾ സമ്പൂർണ വിജയവും നേടിയിരുന്നു. സംസ്ഥാനതലത്തിൽ തന്നെ മൂന്നാം സ്ഥാനത്തും എത്തി.
പരീക്ഷയെഴുതാൻ കഴിഞ്ഞ വർഷത്തേക്കാൾ 528 കുട്ടികൾ ഇത്തവണ കുറവാണ്.കഴിഞ്ഞ വർഷം മറ്റൊരു നേട്ടം കൂടി ജില്ലയ്ക്ക് ഉണ്ടായിരുന്നു. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ വിദ്യാഭ്യാസ ഉപജില്ല പാലാ ആയിരുന്നു. 3343 പേർ പരീക്ഷ എഴുതി. 2 പേർ മാത്രമാണ് ഉപരിപഠന യോഗ്യത ലഭിക്കാതെ പോയത്.










