എംവി ഗോവിന്ദന്റെ യാത്രയെ സ്വീകരിക്കാൻ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് മുക്കാൽ ഭാഗവും ഉപയോഗപ്പെടുത്തി പന്തൽ നിർമ്മിച്ചതിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. പ്രായമായവരും കുട്ടികളുമായി എത്തുന്നവരുമെല്ലാം വെയിലത്ത് കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
ബസ് ജീവനക്കാർക്കും കച്ചവടക്കാർക്കുമുള്ള പലവിധ ബുദ്ധിമുട്ടുകൾ വേറെ. 11-ാം തീയതിയാണ് പരിപാടി. ഇനിവരുന്ന ദിവസങ്ങളിലെല്ലാം ഈ സ്ഥിതി തുടരാനാണ് സാധ്യത.
ദിവസേന 100 കണക്കിന് സ്വകാര്യബസുകളും ആയിരക്കണക്കിന് പൊതുജനങ്ങളും ഉപയോഗിക്കുന്ന ബസ് സ്റ്റാൻഡ് കെട്ടിയടച്ച് വാഹന ഗതാഗതം നിരോധിക്കുന്നത് തെറ്റായ കീഴ് വഴക്കം ആണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. സിപിഎം നിലപാട് അപലപനീയവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ ബ്ലോക്ക് കുറ്റപ്പെടുത്തി. ബിജെപിയും സംഭവത്തിൽ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.










