കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസറെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എടത്വയിലെ കൃഷി ഓഫീസര്‍ എം ജിഷമോളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജിഷയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഘത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകളില്‍ മാനേജര്‍ക്ക് സംശയം തോന്നി. അന്വേഷണത്തില്‍ ജിഷയുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തി. തുടര്‍ന്ന് ജിഷയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിത കൃഷി ഓഫീസര്‍ എം.ജിഷാമോളുടെ ജീവിതം തന്നെ ദുരൂഹതകള്‍ നിറഞ്ഞത്. എടത്വ കൃഷി ഓഫീസിലെ ഓഫീസര്‍ ആണെങ്കിലും വല്ലപ്പോഴുമേ ഓഫീസില്‍ പോകാറുള്ളു. മിക്കവാറും ടൂറില്‍ ആയിരിക്കും. ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്നത് ആലപ്പുഴ ജില്ലയിലെ കളരിക്കല്‍ ഗുരുകുലം എന്ന സ്ഥലത്ത് ഒറ്റയ്ക്ക്.
സുഹൃത്തുക്കള്‍ എന്ന ലേബലില്‍ ഇവരെ ഇവിടെ പലരും കാണാന്‍ വരാറുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഫാഷന്‍ ഷോയും മോഡലിംഗുമാണ് എം ജിഷമോള്‍ക്ക് പ്രിയം. ഫാഷന്‍ ഷോയ്ക്കായി വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. സമ്മാനവും ക്യാഷ് അവാര്‍ഡുകളുമടക്കം കിട്ടിയ ജിഷ മോള്‍ പ്രധാന ഉപജീവന മേഖലയായി കണ്ടിരുന്നതും മോഡലിംഗാണ്.
മോഡലിങ് രംഗത്ത് നിന്നും ഇവര്‍ക്ക് നല്ല വരുമാനവും ലഭിക്കുന്നുണ്ട്.ഭര്‍ത്താവ് മലപ്പുറത്ത് കോളേജ് അദ്ധ്യാപകന്‍ എന്നാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ ബിസിനസും ഭര്‍ത്താവിനുള്ളതായി ഇവര്‍ പൊലീസിനോടും പറഞ്ഞു.
കള്ളനോട്ട് കേസില്‍ ജിഷ മോള്‍ മുഖ്യകണ്ണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ആലപ്പുഴ സൗത്ത് പൊലീസ് സൂചന നല്‍കി.
ജിഷയില്‍ നിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് പിടിവീണത്. മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ പണം ജിഷയില്‍ നിന്നുമാണ് ആള്‍ക്ക് കിട്ടിയതെന്നും, ഇയാള്‍ക്ക് ഇതില്‍ പങ്കില്ലെന്നും വ്യക്തമായി.










