സംസ്ഥാനത്ത് 2023 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് (മാർച്ച് 9)
തുടക്കം. ചൂട് കൂടിയ സാഹചര്യത്തിൽ രാവിലെ 9.30നാണ് പരീക്ഷകൾ നടക്കുന്നത്.419,554 വിദ്യാർത്ഥികളാണ് ആകെ പരീക്ഷയ്ക്കായി എത്തുക.
അതിൽ 4,19,362 പേർ റഗുലർ വിദ്യാർഥികളും 192 പേർ പ്രൈവറ്റ് വിദ്യാർഥികളും ആണ്. ഇതിൽ തന്നെ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂർണ്ണമായ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും പാഠഭാഗങ്ങൾ തീരാത്തതിനാൽ ഫോക്കസ് ഏരിയ തീരുമാനിച്ചായിരുന്നു ചോദ്യങ്ങൾ നൽകിയത്. അതായത് ചോയ്സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങൾ. ഇത്തവണ പൂർണ്ണമായ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങളുണ്ടാകും. എസ്എസ്എൽസി പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനവും ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളാണ്.
മാർച്ച് 29നാണ് പരീക്ഷ അവസാനിക്കുന്നത്.
മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 പരീക്ഷാ സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളും അടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫിൽ നിന്നും 518 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതും.
ഉത്തരക്കടലാസുകളുടെ മൂല്യ നിർണയം 2023 ഏപ്രിൽ മൂന്ന് മുതൽ 26 വരെ നടക്കും. 70 ക്യാമ്പുകളിലായാണ് മൂല്യനിർണയം നടക്കുന്നത്. മൂല്യനിർണയ ക്യാംപുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ അഞ്ച് മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. മേയ് രണ്ടാം വാരത്തോടെ ഫലം പ്രസിദ്ധീകരിക്കാനുളള നടപടികളാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്.
അതേസമയം ഒന്നും രണ്ടും വർഷ ഹയർസെക്കണ്ടറി പരീക്ഷ മർച്ച് 10ന് ആരംഭിച്ച് 30ന് അവസാനിക്കും. 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയർസെക്കണ്ടറി പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷ എഴുതുന്നു. 4,42,067 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷ എഴുതുന്നത്.










