തിരുവനന്തപുരം : കൊറോണ സാമൂഹ്യ വ്യാപനത്തിനെതിരെ സർക്കാർ ശക്തമായ നടപടിയിലേക്കു നീങ്ങുമ്പോഴും ഭക്ഷ്യക്ഷാമം ഉണ്ടാകുന്ന പ്രശ്നമില്ലെന്ന് മന്ത്രി P.തിലോത്തമൻ പറഞ്ഞു . രണ്ടു മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഇതു കൂടാതെ പലവ്യഞ്ജനം ഉൾപ്പെടെ മൂന്നു മാസത്തേക്കുള്ള സാധനങ്ങൾകൂടി സപ്ലൈകോ കരുതും. ഇതിനുള്ള ടെൻഡർക്ഷണിച്ചിട്ടുണ്ട്.കൊറോണ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണങ്ങളിൽ കഴിയുന്നവർക്ക് 1000 രൂപയുടെ കിറ്റ് സൗജന്യമായി എത്തിക്കും. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരമാകും വിതരണം. ഇതിനായുള്ള കിറ്റുകൾ തയ്യാറായി വരികയാണ്. നോൺ പ്രയോറിട്ടി റേഷൻ കാർഡുടമകൾക്ക് 10 കിലോഗ്രാം അരി വീതം 10.90 രൂപ നിരക്കിൽ റേഷൻ കടകൾ വഴിയാണ് വിതരണം ചെയ്യുന്നത് . "വ്യാപാരികൾ വിതരണത്തിനുള്ള ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവയ്ക്കാൻ ശ്രമിച്ചാൽ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കാൻ ലീഗൽ മെട്രോളജി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മിന്നൽ പരിശോധന ഉൾപ്പെടെ നടത്തും." മന്ത്രി P.തിലോത്തമൻ പറഞ്ഞു.
