കോഴിക്കോട്: മുഖ്യമന്ത്രിയുടെ രാജ്യ അനിവാര്യമാണെന്നും, രാജിവെക്കാൻ പറ്റിയ ദിവസമാണ് ഇന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട്ട് ബിജെപി നടത്തുന്ന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര കള്ള കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല എകെജി സെൻററും ഭാഗമാണ്. അനൂപ് മുഹമ്മദും സംഘവും നടത്തിയ മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെക്കുറിച്ച് എന്താണ് പാർട്ടി ഒന്നും മിണ്ടാത്തത്. ചില അശ്ലീല ഇടപാടുകൾ വന്നപ്പോൾ മക്കൾ ചെയ്യുന്ന പ്രവൃത്തികൾക്ക് പാർട്ടി മറുപടി പറയേണ്ട കാര്യമില്ലെന്നാണ് പറഞ്ഞത്. എന്നാൽ ഇത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
മയക്കുമരുന്ന് ഇടപാടിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെക്കുറിച്ച് പാർട്ടി എന്താണ് ഒരു അക്ഷരവും മിണ്ടാത്തത്? ബിനീഷ് കോടിയേരി അനൂപിൻറെ ബിനാമി മാത്രമാണ്. ഹോട്ടൽ തുടങ്ങാൻ മാത്രമാണ് പണം നൽകിയതെന്ന ബിനീഷിൻറെ വാദം അവിശ്വസനീയമാണ്. സ്വപ്ന അറസ്റ്റിലായ ദിവസം അനൂപിനെ ബിനീഷ് നിരന്തരമായി ബന്ധപ്പെട്ടിരുന്നു. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി റമീസുമായും അനൂപിന് അടുത്ത ബന്ധമാണുള്ളത്. പ്രതികളെ ഒളിപ്പിക്കാൻ എകെജി സെൻറർ സഹായിച്ചുവെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
2012 മുതൽ അനൂപ് മുഹമ്മദും സംഘവും നടത്തിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് കടത്തിൻറെ വിവരം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 2012 മുതൽ അനൂപുമായി ബന്ധമുണ്ടെന്ന് ബിനീഷ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിനീഷ് കോടിയേരിയുടെ ബന്ധം വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
