പാലാ - തൊടുപുഴ റോഡിൽ അഞ്ചാംമൈലിനു സമീപമാണ് കാറും മിനി വാനും കൂട്ടിയിച്ച് അപകടമുണ്ടായത്. വാഗണർ കാറും ടാറ്റാ അൾട്രാ മിനി ഗുഡ്സ് വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മിനി വാൻ റോഡിൽ മറിഞ്ഞു. കാറിന്റെ മുൻവശം പൂർണമായും തകർന്നു. എൻജിൻ വാഹനത്തിൽ നിന്നും വേർപെട്ട് റോഡിൽ വീണു. ഇരു വാഹനത്തിലും ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 4 പേരെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ കരൂർ സ്വദേശിയായ വിനോദ് റ്റി കെ ഓടിച്ചിരുന്ന മിനി വാനാണ് അപകടത്തിൽ പെട്ടത്.
വിനോദിനും കൂടെയുണ്ടായിരുന്ന അസാം സ്വദേശിയായ ബിറ്റുപൊൻ ദുവാരക്കുമാണ് പരിക്കേറ്റത്. വണ്ണപ്പുറം സ്വദേശിയായ നിധീഷ് പി റാവുവാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ കാർ യാത്രികർക്ക് സാരമായ പരിക്കില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.