പാലാ പൊൻകുന്നം റോഡിലെ വലിയ പാലത്തിന് താഴെ പാലാ റിവർവ്യൂ റോഡിലൂടെ പോകുന്ന ഉയരം കൂടിയ വാഹനങ്ങൾ ഇടിക്കുന്നത് പതിവാകുന്നു. തിങ്കളാഴ്ച പുലർച്ചയും നിർമ്മാണ സാമഗ്രികളുമായി പോവുകയായിരുന്ന ലോറി പാലത്തിന്റെ ബിമിലിടിച്ച് തകരാറുകൾ സംഭവിച്ചു.
പാലാ റിവർവ്യൂ റോഡിലൂടെ കൊട്ടാരമറ്റം ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് പാലാ വലിയ പാലത്തിന് അടിയിൽ എത്തിയപ്പോൾ മുകളിലെ ബീമിൽ ഇടിച്ച് അപകടമുണ്ടായത്. അസാധാരണമായ ഉയരമുള്ള നിർമ്മാണ സാമഗ്രികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘോതത്തിൽ കണ്ടെയ്നർ ലോറിയിൽ നിന്നും റോഡിൽ വീണു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ തുടർച്ചയായി പാലത്തിൽ വാഹനങ്ങൾ ഇടിക്കുന്നത് പാലത്തിന്റെ ബലക്ഷയത്തിനും കാരണമാകും. പാലാ ടൗണിൽ വൺവെ സംവിധാനം നിലനിൽക്കുന്നതിനാൽ കൊട്ടാരമറ്റം ഭാഗത്തേക്കുള്ള ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും ഈ പാലത്തിനടിയിലൂടെ തന്നെയാണ് കടന്നു പോകുന്നത്. തൊടുപുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് ബൈപ്പാസ് വഴി പോകാമെങ്കിലും അത് മനസ്സിലാക്കാതെ റിവർവ്യൂ റോഡ് വഴി വരുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
നിലവിൽ ഉയര നിയന്ത്രണ സംവിധാനം 4.25 മീറ്ററാക്കി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതുവഴി കടക്കുന്ന വാഹനങ്ങളും പാലത്തിൽ എത്തുമ്പോൾ ഉടക്കുന്ന കാഴ്ചയാണ് കാണുന്നത്. വലിയ വാഹനങ്ങൾ കടന്നു പോകാനുള്ള ഉയരം ഇല്ലാത്തതിനാൽ അനുവദനീയമായ ഉയരം നിശ്ചയിച്ച് വാഹനങ്ങൾ ഫിൽറ്റർ ചെയ്ത് കടത്തിവിടാനുള്ള സംവിധാനം സ്റ്റേഡിയത്തിന് സമീപം ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്. ഉയരം കൂടിയ വാഹനങ്ങൾ അത്യാവശ്യമായി പോകേണ്ടതുണ്ടെങ്കിൽ പോലീസ് അകമ്പടിയോടെ മെയിൻ റോഡ് ഇൽ കൂടിതന്നെയോ ബൈപ്പാസ് വഴിയോ കടത്തിവിടാനുള്ള സംവിധാനമാണ് വേണ്ടത്.