Hot Posts

6/recent/ticker-posts

വിദ്യാർത്ഥികൾക്ക് ബസ് എടുക്കുന്നതിന് തൊട്ടുമുമ്പ് മാത്രം കയറാൻ അനുവാദം!; സീറ്റ് കാലിയാണെങ്കിലും ഇരിക്കാനും അനുവാദമില്ല?


കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളും സ്കൂളിൽ എത്താൻ ആശ്രയിക്കുന്നത് ബസുകളെയാണ്. ബസുകളിൽ കിടന്നും തൂങ്ങിയും സമയത്തിന് സ്കൂളിലെത്താൻ അതിസാഹസികമായി യാത്ര ചെയ്തിട്ടുള്ളവരാണ് നമ്മൾ ഓരോരുത്തരും. 



രാവിലെ സ്കൂളിലേക്ക് ഇറങ്ങുന്ന ഓരോ ശരാശരി വിദ്യാർത്ഥിയുടെയും പ്രാർത്ഥന എന്തായിരിക്കും ? കൃത്യ സമയത്ത് സ്കൂളിൽ എത്തണെ എന്നോ അതോ കൃത്യ സമയത്ത് ബസ് കിട്ടണേ എന്നോ …? സംശയമേ വേണ്ട ആ പ്രാർത്ഥന കൃത്യ സമയത്ത് ബസ് കിട്ടണം എന്ന് തന്നെ ആയിരിക്കും. കാരണം അത്രമേൽ പരിതാപകരമാണ് പ്രൈവറ്റ് ബസുകൾ ആശ്രയിച്ച് സ്കൂളുകളിലേക്ക് എത്തുന്ന വിദ്യർത്ഥികളുടെ കാര്യം.


സമയത്തിന് സ്കൂളിൽ എത്താൻ ആഗ്രഹിക്കുന്ന ഓരോ വിദ്യാർത്ഥിക്കും നിരാശ ആയിരിക്കും ഫലം. കാരണം ഒന്നാമത്തെ പ്രശ്നം പലപ്പോഴും വിദ്യാർത്ഥികൾക്ക് വേണ്ടി ബസ് ചവിട്ടി കൊടുക്കില്ല എന്നതാണ്. ബസിനെ സംബന്ധിച്ചെടുത്തോളം ഒരു കുട്ടിയിൽ നിന്ന് കിട്ടുന്ന ഒന്നോ രണ്ടോ രൂപയെക്കാൾ കൂടുതൽ കിട്ടും ഒരു യാത്രക്കാരനിൽ നിന്ന്. അതുകൊണ്ട് തന്നെ തുച്ഛമായ കൺസെഷനിൽ യാത്രയ്ക്ക് എത്തുന്ന വിദ്യാത്ഥികളെ കുത്തി നിരക്കുന്നതിലും അവർ ഇഷ്ടപ്പെടുക തീർച്ചയായും പരമാവധി മറ്റു യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ ആകും. പലപ്പോഴും ബസ് നിർത്താതെ പോകും. നിർത്തിയാൽ തന്നെ കണ്ടക്ടറുടെയും എന്തിന് ബസിലെ കിളിയുടെയും വരെ ചീത്തയും കേട്ട് അതിലൊന്ന് കേറി പറ്റുക ശ്രമകരമായ കാര്യമാണ്. സമയത്തിന് സ്കൂളിൽ എത്താൻ അവിടെയും അധ്യാപകരുടെ ചീത്ത വിളി ഒഴിവാക്കാൻ ബസിൻറെ ചവിട്ടു പടിയിൽ തൂങ്ങിയാടി വരുന്ന വിദ്യാർത്ഥി നടത്തുന്നത് ജീവൻ മരണ പോരാട്ടമാണ്.

അങ്ങോട്ടുള്ള യാത്രയെപോലെ തന്നെ കഷ്ടപ്പാടാണ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് എത്താനും. കടന്നൽ കൂട്ടം ഇളകി നിൽക്കുന്ന പോലെ നിൽക്കുന്ന കുട്ടി കൂട്ടത്തിനു മുന്നിൽ ബ്രേക്ക് ഒന്ന് ചവിട്ടണമെങ്കിൽ ഡ്രൈവറിന്റെ മഹാമനസ്സ് എന്ന് തന്നെ പറയേണ്ടി വരും. 4 മണിക്ക് ക്ലാസ് കഴിഞ്ഞാലും മണിക്കൂറുകൾ വൈകി ആയിരിക്കും കുട്ടികൾ വീട്ടിലെത്തുന്നത്. സ്വകാര്യ ബസുകൾക്ക് വിദ്യാർഥികളെ കയറ്റാൻ മടിയാണ്. സ്റ്റോപ്പിൽ നിർത്താതെ ഒരുപാട് മാറ്റിനിർത്തിയാണു യാത്രക്കാരെ ഇറക്കുന്നത്. വിദ്യാർത്ഥികൾ ഓടി ബസിന് അടുത്തെത്തുമ്പോൾ വിട്ടുപോകും.

ബസിലാണ് വിദ്യാർഥികൾ ഭൂരിഭാഗവും സ്കൂളിൽ പോകുന്നത്. പല സ്വകാര്യ ബസുകളും കൺസഷൻ തുക കുറവായതുകൊണ്ട് കുട്ടികളെ കയറ്റിയില്ല. രാവിലെ കുട്ടികൾ സ്കൂളിൽ എത്താൻ വൈകുന്നതോടെ ഒടുവിൽ മാതാപിതാക്കൾക്ക് മറ്റു ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നു.

ഒരുകാലത്ത് അറവ് മാടുകളെ പോലെ വിദ്യാർത്ഥികളെ കുത്തി നിറച്ച് അപകടം ഉണ്ടാക്കിയിരുന്ന സ്കൂൾ ബസുകൾ വലിയ ചർച്ചയായിരുന്നു. സമാനമായ സംഭവങ്ങൾ തന്നെയാണ് സ്വകാര്യ ബസുകളിലും സംഭവിക്കുന്നത്. ജീവന് അപകടം ഉണ്ടാക്കുന്ന രീതിയിലാണ് അള്ളിപ്പിടിച്ച് വിദ്യാർത്ഥികൾ പോകുന്നത്. എങ്ങനെയെങ്കിലും സമയത്തിന് എത്തണം എന്നുള്ള വിചാരത്തിൽ കുട്ടികൾ സ്വന്തം സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നുമില്ല. വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പല വിദ്യാർത്ഥി രാഷ്ട്രീയ പാർട്ടികൾ ഉണ്ടെങ്കിലും ഈ ദുരവസ്ഥക്ക് വേണ്ടി ശബ്ദമുയർത്താൻ ആരും മുന്നോട്ട് വരുന്നുമില്ല. വിദ്യാർത്ഥികൾ അവരുടെ ദുരിത യാത്ര തുടരുകയാണ്.

ഓട്ടോറിക്ഷകളും മിനി വാനുകളും അടക്കം വിദ്യാർഥികളെ സ്കൂളുകളിലേക്ക് എത്തിക്കുന്ന സമാന്തര വാഹനങ്ങൾ പലതും ഇത്തവണ ‘സ്കൂളിലേക്ക്’ തിരിച്ചെത്തത് പിന്നെയും വെല്ലുവിളികൾ സൃഷ്ടിക്കുകയാണ്. സ്കൂൾ ഓട്ടം ഓടിയാൽ ചെലവു കാശു പോലും കിട്ടില്ലെന്നാണ് പല വാഹന ഉടമകളും പറയുന്നത്. ഇതോടെ വിദ്യാർഥികളെ ഇത്തരം വാഹനങ്ങളിൽ അയച്ചിരുന്നവർ പ്രതിസന്ധിയിലായി. ജോലിക്ക് പോകുന്ന മാതാപിതാക്കൾക്ക് രാവിലെയും വൈകിട്ടും സ്കൂളിലെത്തി വിദ്യാർഥികളെ കൂട്ടിക്കൊണ്ടു പോകുന്നതും ഏറെ ബുദ്ധിമുട്ടാണ്.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം