രാമപുരം: വിഷമഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്നവനാണ് യഥാർത്ഥ സ്നേഹിതൻ എന്നും, അത്തരമൊരു സ്നേഹിതനാകാൻ രക്തദാനം പോലുള്ള മഹത്തായ സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും ഡേവിസ് ചിറമേൽ പറഞ്ഞു. രാമപുരം മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിച്ച രക്തദാതാക്കളെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നമ്മൾ എന്തെല്ലാം നേടിയെടുക്കുന്നു എന്നതല്ല, നമ്മുടെ വഴിയിലൂടെ മറ്റൊരാൾ എന്ത് നേടിയെടുക്കുന്നു എന്നതാണ് പ്രധാനം. മനുഷ്യൻ ഒരു അത്ഭുതമാണ്. സ്വയം അറിയുക, സ്വയം തിരുത്തുക, പോസിറ്റീവ് ആയി നിലകൊള്ളുക,” എന്ന സന്ദേശവും അദ്ദേഹം പങ്കുവച്ചു. രക്തദാനം ജീവൻ രക്ഷിക്കുന്ന മഹത്തായ കാരുണ്യ പ്രവർത്തനമാണെന്നും, സമൂഹത്തിൽ പരസ്പര സഹായ മനോഭാവം വളർത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതലമുറ സമൂഹസേവന രംഗത്ത് കൂടുതൽ സജീവമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ അധ്യയന വർഷം രാമപുരത്തെയും പരിസര പ്രദേശങ്ങളിലെയും ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ രക്തം നൽകി നിരവധി ജീവനുകൾ രക്ഷിച്ച നൂറ്റിഇരുപതോളം വിദ്യാർത്ഥികളെയും അധ്യാപകരെയും സർട്ടിഫിക്കറ്റും മെഡലും നൽകി ആദരിച്ചു. രക്തദാതാക്കളെ ആദരിക്കുന്നതിനൊപ്പം വിവിധ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരായ വിദ്യാർത്ഥികൾക്ക് പ്രൊഫിഷ്യൻസി പുരസ്കാരങ്ങളും വിതരണം ചെയ്തു.
കോളേജ് മാനേജർ റവ. ഫാ. ബെർക്‌മാൻസ് കുന്നുംപുറം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ഫാ. ഡേവിസ് ചിറമേലിനെയും, പാലാ ബ്ലഡ് ഫോറത്തിന്റെ ജനറൽ കൺവീനറും നൂറ്റിനാല്പതിലധികം തവണ രക്തദാനം നടത്തി മാതൃകയായ ഷിബു തെക്കേമറ്റത്തിനെയും മാനേജർ ഫാ. ബെർക്‌മാൻസ് കുന്നുംപുറം പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് എന്നിവർ ആശംസകൾ നേർന്നു. ചീഫ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ സുനിൽ കെ. ജോസഫ് സ്വാഗതവും ഐ.ക്യു.എ.സി കോർഡിനേറ്റർ കിഷോർ നന്ദിയും രേഖപ്പെടുത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിരവധി അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

.jpeg)

