Hot Posts

6/recent/ticker-posts

സമുദായ ശക്തീകരണ യോഗം അരുവിത്തുറ പളളി അങ്കണത്തിൽ

അരുവിത്തുറ: സീറോ മലബാർ സഭ 2026- മാണ്ട് സമുദായ ശക്തീകരണ വർഷമായി ആചരിക്കുകയാണ്. പാലാ രൂപതയിൽ 6 മേഖലകളിൽ ആയി സമുദായശക്തീകരണ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നു. അരുവിത്തുറ, തുടങ്ങനാട്, പാലാ, കുറവിലങ്ങാട്, രാമപുരം, കടുത്തുരുത്തി എന്നീ 6 കേന്ദ്രങ്ങളിൽ ആണ് രൂപതയിലെ 171 ഇടവകകളിലെ വിശ്വാസികൾ രൂപതാധ്യക്ഷൻ്റെ അധ്യക്ഷതയിൽ ഒത്തുചേരുന്നത്. 
രൂപതയിൽ ആദ്യത്തെ സമ്മേളനം എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് നാലിന് അരുവിത്തുറയിൽ നടക്കും. അരുവിത്തുറ ഇടവകാംഗങ്ങളും പൂഞ്ഞാർ, തീക്കോയി, കൂട്ടിക്കൽ, അരുവിത്തുറ ഫൊറോനകളിലെ പള്ളികളിൽ നിന്നുള്ള വിശ്വാസ സമൂഹവുംആണ് പ്രധാനമായും സമുദായ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മൂന്നു മണിക്കുള്ള പരിശുദ്ധ കുർബാന അർപ്പണത്തിനു ശേഷമാണ് സമ്മേളനം ആരംഭിക്കുന്നത്.

സമുദായത്തിന്റെ ചരിത്രവും വ്യക്തിത്വവും അറിയുക, സമുദായത്തിന്റെ സേവനമേഖലകൾ മനസ്സിലാക്കുക, സമുദായ സ്നേഹം വളർത്തുക, സമുദായം നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുക, സമുദായത്തിന്റെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കുന്നതിനുവേണ്ടി ഒന്നിച്ചു നിൽക്കുക, സ്വയം വളരുകയും മറ്റുള്ളവരെ വളർത്തുകയും ചെയ്യുക, ഇതര സമുദായങ്ങളുമായി സൗഹൃദപരവും ആരോഗ്യപരവുമായ ബന്ധം പുലർത്തുക, തുടങ്ങിയ ലക്ഷ്യങ്ങൾ നേടുന്നതിനു കൂട്ടായി യത്നിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നിവയാണ് സമുദായ ശക്തീകരണ സമ്മേളനങ്ങളുടെ ലക്ഷ്യം.

പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങിൽ ഉദ്ഘാടന സന്ദേശം നൽകും. വികാരി ജനറാളന്മാരായ മോൺ. ജോസഫ് തടത്തിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കൽ എന്നിവരും സംബന്ധിക്കും. ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ജോസ് തോമസ് മുത്തനാട്ട്, സിമി പരവരാകത്ത്, ഫാ. സിറിൽ തോമസ് തയ്യിൽ തുടങ്ങിയവർ പ്രസംഗിക്കും.

ഫാ. ബിജു കുന്നക്കാട്ട്, ഫാ. ഗോഡ്‌സൺ ചെങ്ങഴശ്ശേരിൽ, ഫാ. ജോയൽ കുഴിവേലിതടത്തിൽ, കൈക്കാരന്മാരായ റോബിൻ, കുര്യൻ, റോയി, ജയ്‌സൺ, തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം വഹിക്കും.

പാർക്കിംഗ് ക്രമീകരണം: അരുവിത്തുറ ആർക്കേഡ്, ഹൈസ്കൂൾ ഗ്രൗണ്ട്- കൂട്ടിക്കൽ ഫൊറോന

സ്റ്റേഡിയം: തീക്കോയി, പൂഞ്ഞാർ, അരുവിത്തുറ ഫൊറോനകൾ 

പള്ളിയുടെ പാർക്കിംഗ് ഏരിയ: പങ്കെടുക്കുന്ന വൈദികരുടെ വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യുക
Reactions