പാലാ: അത്യാധുനിക സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ (SJCET) ‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റിന് ഇന്ന് സമാപനം. പാലാ രൂപത മുഖ്യ വികാരി ജനറൽ മോൺ. ഡോ. ജോസഫ് തടത്തിൽ സമ്മിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക ലോകത്തെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഇത്തരം സംരംഭങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിജയികളെ ഇന്നറിയാം
സമ്മിറ്റിന്റെ പ്രധാന ആകർഷണമായ ‘ബിൽഡത്തോൺ 2026’-ലെ വിജയികളെ ഇന്നത്തെ സമാപന ചടങ്ങിൽ പ്രഖ്യാപിക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഒ.ഒ ശ്രീ ടോം തോമസ് ഉദ്ഘാടനം ചെയ്ത മത്സരത്തിൽ മികച്ച മൂന്ന് ആശയങ്ങൾക്ക് യഥാക്രമം രണ്ടു ലക്ഷം, ഒരു ലക്ഷം, അമ്പതിനായിരം രൂപ വീതമാണ് സമ്മാനമായി നൽകുന്നത്.
കോളേജ് ഡയറക്ടർ റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങുകളിൽ മെഡിക്കൽ, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് മേഖലകളിൽ നിന്നുള്ള ഒട്ടേറെ പ്രതിഭകൾ പങ്കെടുത്തു. പാലാ സെന്റ് ജോസഫ്‌സ് എൻജിനീയറിംഗ് കോളേജ്, മാർ സ്ലീവാ മെഡിസിറ്റി, സെന്റ് ജോസഫ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ മെഗാ ഇവന്റ് സംഘടിപ്പിച്ചത്.
