Hot Posts

6/recent/ticker-posts

ആകാശപ്പാത നിർമ്മാണം പാലായിൽ പുനരാരംഭിച്ചു: കോട്ടയത്ത് വിജിലൻസ് അന്വേഷണം


പാലായിൽ മുടങ്ങിക്കിടന്ന ആകാശപ്പാതയുടെ നിർമ്മാണം ജോസ്.കെ.മാണി എം.പിയുടെ ഇടപെടലിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ നടപടിയുണ്ടായി പുനരുജ്ജീവിപ്പിച്ചപ്പോൾ കോട്ടയം നഗര ഹൃദയത്തിൽ ശീമാട്ടി റൗണ്ടാന ജംഗ്ഷനിലെ പണിതീരാത്ത ആകാശപ്പാതയുടെ നിർമാണം അന്വേഷിക്കാൻ വിജിലൻസ്. 



തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിഭാവനം ചെയ്ത  ആകാശപ്പാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ നിർമാണം ആരംഭിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം.


പാലായിലെ ആകാശപ്പാത: 

പാലാ പട്ടണത്തിന്റെ സ്വപ്ന പദ്ധതിയായ ഒരു കിലോമീറ്റർ ദൂരത്തിൽ മീനച്ചിലാറിൻ്റെ തീരം വഴി നിർമിക്കുന്ന തടസരഹിത അതിവേഗ പാത കൂടിയായ പാലാ റിവർവ്യൂ ആകാശപ്പാതയുടെ മുടങ്ങിക്കിടന്ന നിർമാണ പ്രവർത്തനങ്ങളാണ് പുനരാരംഭിച്ചത്. എലിവേറ്റഡ് ബൈപാസിനായുള്ള പൈലുകൾ നാളുകൾക്ക് മുൻപ് പൂർത്തിയായിരുന്നുവെങ്കിലും ഉപരിതല കോൺക്രീറ്റിംഗ് മുടങ്ങിക്കിടക്കുകയായിരുന്നു. പാലം നിർമാണം പൂർത്തിയാക്കുവാൻ ഇടപെടൽ ആവശ്യപ്പെട്ട്  ജോസ്.കെ.മാണി എം.പി വിഷയം കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ശ്രദ്ധയിൽ പെടുത്തി നടത്തിയ ചർച്ചയെ തുടർന്നാണ് റിവർവ്യൂ ബൈപാസിൻ്റെ അവസാനഘട്ട നിർമാണം പുനരാരംഭിക്കുവാൻ നടപടിയായത്. പദ്ധതി ഇനി മുടങ്ങാതെ അവസാന ഘട്ടം വരെ തുടർച്ചയായി നടക്കുമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു.

2013ലെ സംസ്ഥാന ബജറ്റിലാണ് അന്ന് ധനകാര്യ മന്ത്രിയായിരുന്ന കെ.എം മാണി പാലായ്ക്കായി ആകാശപാത പദ്ധതി പ്രഖ്യാപിച്ചത്.
47 കോടിയാണ് ആകെ പദ്ധതി ചെലവ്. 14 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനായി നൽകി. 12 മീറ്റർ വീതിയിൽ ഇരുനിര വാഹന ഗതാഗതത്തിനുള്ള സൗകര്യത്തോടെയാണ് നിർമ്മാണം. പ്രഭാത സായാഹ്നസവാരിക്കായി രണ്ട് മീറ്റർ ഹെൽത്ത് വാക്വേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

കോട്ടയത്തെ ആകാശപ്പാത:

അതേസമയം കോട്ടയം നഗര മധ്യത്തിൽ ശീമാട്ടി റൗണ്ടാന ജംഗ്ഷനിലെ ഇനിയും പണിതീരാത്ത ആകാശപ്പാതയുടെ നിർമാണം അന്വേഷിക്കാൻ വിജിലൻസ് രംഗത്തെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിഭാവനം ചെയ്ത  ആകാശപ്പാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ നിർമാണം ആരംഭിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ആകാശപ്പാതയുമായി ബന്ധപ്പെട്ട് 2020ൽ ഉണ്ടായ പരാതിയിലാണ് അന്വേഷണവും പരിശോധനയും.

പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥരും വിജിലൻസിന്‍റെ നിർദേശാനുസരണമെത്തിയ പൊതുമരാമത്ത് വകുപ്പ് അധികൃതരും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധന നടത്തി. പാതയുടെ രൂപരേഖ പ്രകാരം കോട്ടയം നഗരസഭ ഓഫീസിനു മുൻപിലും ബേക്കർ ജംഗ്ഷനിലേക്കുള്ള റോഡിലും ടെംപിൾ റോഡിലും ശാസ്ത്രി റോഡിലുമാണ് ലിഫ്റ്റ് വിഭാവനം ചെയ്തിട്ടുള്ളത്. നഗരസഭയുടെ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ സ്ഥലം കിട്ടിയിട്ടില്ല. ഇക്കാര്യത്തിലെ  അവ്യക്തതയാണിപ്പോൾ അന്വേഷിക്കുന്നത്.

2016 ഫെബ്രുവരിയിലാണ് കോട്ടയത്തെ ആകാശപ്പാതയ്ക്ക് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടത്. ജോസ് കെ മാണിയും അന്ന് ചടങ്ങിലുണ്ടായിരുന്നു. ശീമാട്ടി റൗണ്ടാന പൊളിച്ചുമാറ്റിയ ശേഷം കിറ്റ്‌കോയാണ് നിര്‍മാണം ആരംഭിച്ചത്. 2017ൽ ആദ്യഘട്ടമായി 14 ഉരുക്കുതൂണുകൾ സ്ഥാപിച്ചു. ഇതിനുമുകളിൽ വൃത്താകാരത്തിൽ ഇരുമ്പുപൈപ്പുകളും സ്ഥാപിച്ചു.

അഞ്ചരക്കോടി രൂപ ചെലവഴിച്ചുള്ള നിർമാണമായിരുന്നു ലക്ഷ്യം. ഭരണം മാറിയതോടെ നിര്‍മാണവും നിലച്ച മട്ടായി. 2019-ല്‍ ഗാന്ധിസ്മൃതി മണ്ഡപം കൂടി ഉള്‍പ്പെടുത്തി രൂപരേഖ പരിഷ്‌കരിച്ചെങ്കിലും തൂണുകള്‍ സ്ഥാപിച്ച് നടപ്പാതയുടെ  പ്ലാറ്റ്ഫോം നിർമാണത്തിനായി പൈപ്പുകൾ ഘടിപ്പിച്ചതൊഴിച്ചാൽ മറ്റൊന്നും നടന്നില്ല. 

നടപ്പാതയും വിശ്രമകേന്ദ്രവും ഉൾപ്പെടുന്ന മുകൾതട്ടിൽ മഴയും വെയിലും ഏൽക്കാതിരിക്കുന്ന സംവിധാനവും യാത്രക്കാർ കയറിയിറങ്ങാനായുള്ള ചവിട്ടുപടികൾ അടക്കമുള്ള ജോലികൾ ഏട്ടിൽ ഒതുങ്ങി. അടുത്ത കാലത്ത് ഗതാഗതമന്ത്രി ആന്റണി രാജു ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. ഇത് പൊളിക്കുമോ അതോ വീണ്ടും പണി തുടങ്ങുമോ എന്ന ആശങ്കയിൽ കോട്ടയംകാർ ഉറ്റുനോക്കുന്നു.



Reactions