കോട്ടയം: ഓൺലൈൻ വ്യാപാരസൈറ്റുകളുടെ മാതൃകയിൽ റബർ വിൽപനക്കായി റബർ ബോർഡ് ഒരുക്കുന്ന ഇ- പ്ലാറ്റ്ഫോം (എംറൂബ്) മെയ് മാസത്തിൽ പ്രവർത്തനസജ്ജമാകും. മേയ് രണ്ടാം വാരത്തോടെ ലോഞ്ചിങ് നടത്താനാണ് ബോർഡിന്റെ തീരുമാനം.
ഷീറ്റും ബ്ലോക്ക് റബറും ലാക്റ്റസും ഓൺലൈനിലൂടെ വിൽക്കാൻ അവസരം ഒരുക്കുന്നതാണ് എംറുബ്. ഇതിലൂടെ റബർ കർഷകർ, ലൈസൻസുള്ള വ്യാപാരികൾ, കമ്പനികൾ എന്നിവയ്ക്ക് ഇടനിലക്കാരില്ലാതെ റബർ വിൽക്കാനും വാങ്ങാനും കഴിയും. കർഷകർക്ക് റബർ ഷീറ്റിന്റെ ഗ്രേഡും തൂക്കവും പ്രതീക്ഷിക്കുന്ന വിലയും അപ് ലോഡ് ചെയ്യാം. വിലപേശി വാങ്ങാനും അവസരമുണ്ട്.
കർഷക കൂട്ടായ്മകൾക്കും മറ്റും റബർ സ്വരൂപിച്ച് നേരിട്ട് വൻകിട കമ്പനികൾക്കും വ്യാപാരികൾക്കും വിൽക്കാം. ചരക്കിന്റെ ഗുണത്തിൽ പരിശോധന ആവശ്യമുണ്ടെങ്കിൽ റബർബോർഡ് സഹായം നൽകും. ഇക്കാര്യം അറിയിച്ചാൽ ബോർഡ് നിയോഗിക്കുന്ന സംഘം ചരക്ക് പരിശോധിച്ച് വിവരം നൽകും. വിൽക്കാനുള്ളവർക്കും വാങ്ങാനുള്ളവർക്കും ഇ-പ്ലാറ്റ്ഫോം വഴി ആശയവിനിമയം നടത്താം. ലോകത്തെവിടെനിന്നും ഓൺലൈൻ മാർക്കറ്റിൽ പങ്കെടുക്കാം. താൽപര്യമുള്ള കർഷകർക്കും കമ്പനികൾക്കും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

